സുറിക്ക്: മലയാളികള്‍ ഏറെയുള്ള ഒമാന്‍ എയര്‍വെയ്സ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വിമാനം അടിയന്തരമായി തുര്‍ക്കിയില്‍ ലാന്‍റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം അരങ്ങേറിയത്. ഡബ്യൂവൈ 0154 എന്ന സൂറിക്കില്‍ നിന്നു് മസ്ക്കറ്റിലേക്ക് പുറപ്പെട്ട വിമാനത്തിന്‍റെ ക്യാബിനില്‍ പുക ഉയരുകയും,വിമാനം കൂപ്പ് കുത്തുകയും ചെയ്തു എന്നാണ് മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ പറയുന്നത്.

ശനിയാഴ്ച രാത്രി 9.30 ന് സൂറിക്കില്‍ നിന്നും പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.05ന് മസ്ക്കറ്റില്‍ ഏത്തേണ്ടതായിരുന്നു വിമാനം. ഞായറാഴ്ച പുലര്‍ച്ചെ 3.30 ഏത്തേണ്ട വിമാനത്തിലാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. ക്യാബിന്‍ പ്രഷറിലുണ്ടായ വ്യത്യാസമാണ് എന്നാണ് പ്രഥമിക അന്വേഷണത്തിലെ വിവരം.

പിന്നീട് വിമാനം അടിയന്തരമായി ലാന്‍റിംഗ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഡിയാര്‍ബക്കീറിലാണ് വിമാനം അടിയന്തര ലാന്‍റ് ചെയ്തത്. പിന്നീട് യാത്രക്കാര്‍ക്കായി വൈകീട്ട് എട്ടു മണിക്ക് മസ്ക്കറ്റ് എയര്‍വേയ്സ് യാത്രക്കാര്‍ക്കായി പ്രത്യേക വിമാനം സര്‍വീസ് നടത്തിയതായി മസ്ക്കറ്റ് എയര്‍വേയ്സ് അറിയിച്ചു. 

വിമാനത്തിലെ അടിയന്തര സാഹചര്യത്തില്‍ ക്യാബിന്‍ ക്രൂ ക്യാബിനില്‍ തീ കെടുത്താനുള്ള ഉപകരണങ്ങളുമായി ഓടി നടന്നതായി യാത്രക്കാര്‍ പറയുന്നു. മരണം മുന്നില്‍ കണ്ട നിമിഷങ്ങളായിരുന്നുവെന്നും യാത്രക്കാര്‍ അലറിക്കരഞ്ഞുവെന്നും, പ്രാര്‍ത്ഥനകളില്‍ മുഴുകിയെന്നും യാത്രക്കാര്‍ പറഞ്ഞു.