ഒമാനിലെ മുസന്ദം പ്രവിശ്യയിൽ ഇറാൻ ഡ്രോൺ ആക്രമണം നടന്നതായി ഔദ്യോഗിക സ്ഥിരീകരണം. അതേസമയം, ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് മൂന്ന് പേർക്ക് പരിക്കേറ്റു, യുഎഇയും കുവൈത്തും ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി അറിയിച്ചു.
മസ്‌കറ്റ്: ഒമാനിൽ ഇറാന്‍റെ വ്യോമാക്രമണം. ഒമാന്‍റെ വടക്കൻ പ്രവിശ്യയായ മുസന്ദമിലെ ചില കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി ഒമാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ഒമാൻ ഭരണകൂടം, രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കാനും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചു വരുന്നതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വ്യക്തമാക്കി.
അതേസമയം, ഖത്തറിലുണ്ടായ മിസൈൽ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് പ്രതിരോധിക്കുന്നതിനിടയിൽ, അവശിഷ്ടങ്ങൾ തകർന്നു വീണ് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇറാൻ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളും സിവിൽ ഡിഫൻസ് സംഘങ്ങളും അടിയന്തര ദുരന്തനിവാരണ പദ്ധതികൾക്ക് അനുസൃതമായി സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
ഇറാന്‍റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി യുഎഇയും കുവൈത്തും സ്ഥിരീകരിച്ചു. കനത്ത സുരക്ഷാ ഭീഷണിയെത്തുടർന്ന് ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും പൗരന്മാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.


