ചാരവൃത്തി ആരോപിച്ച് മൂന്നര വർഷമായി തടവിലായിരുന്ന രണ്ട് ഫ്രഞ്ച് പൗരന്മാരെ ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ മോചിപ്പിച്ചു. സെസിലി കോഹ്‌ലർ, ജാക്വസ് പാരീസ് എന്നിവരുടെ മോചനം ഇറാനും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര തർക്കത്തിന് അയവ് വരുത്തുമെന്നാണ് പ്രതീക്ഷ. യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഇറാന്റെ ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്
ടെഹ്റാൻ: ചാരവൃത്തി ആരോപിച്ച് മൂന്നര വർഷമായി തടവിൽ പാർപ്പിച്ചിരുന്ന രണ്ട് ഫ്രഞ്ച് പൗരന്മാരെ ഇറാൻ മോചിപ്പിച്ചു. ഒമാന്റെ മധ്യസ്ഥതയിൽ നടന്ന ദീർഘനാളത്തെ ചർച്ചകൾക്കൊടുവിലാണ് സെസിലി കോഹ്‌ലർ, ജാക്വസ് പാരീസ് എന്നിവർക്ക് മോചനം സാധ്യമായത്. 2022 മെയ് മാസത്തിൽ ഇറാൻ സന്ദർശിക്കവേയാണ് ഇവർ പിടിയിലായത്. ഇവരുടെ മോചനത്തിനായി ഫ്രാൻസ് ശക്തമായ നയതന്ത്ര സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ഒമാൻ ഭരണകൂടത്തിന്റെ ഇടപെടലുകൾക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നന്ദി അറിയിച്ചു. ഇറാനും ഫ്രാൻസും തമ്മിൽ വലിയ നയതന്ത്ര തർക്കങ്ങൾക്ക് ഇടയാക്കിയ വിഷയമായിരുന്നു ഇത്. തടവിലായിരുന്നവർക്ക് മേൽ ചുമത്തിയ ചാരവൃത്തി ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫ്രാൻസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇവരുടെ മോചനത്തിന് പകരമായി അന്താരാഷ്ട്ര കോടതിയിൽ ( ഐ സി ജെ) ഇറാനെതിരെ നൽകിയിട്ടുള്ള പരാതികൾ ഫ്രാൻസ് പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ നീക്കം യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും ഫോർമുസ് തുറക്കുന്നതിലടക്കം ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ള ഫ്രാൻസ് ഇനി മയപ്പെടുമോ എന്നത് കണ്ടറിയാം.
ട്രംപിന്‍റെ അന്ത്യശാസനത്തിന് ഇറാന്‍റെ വെല്ലുവിളി
അതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ 'ചൊവ്വാഴ്ച' അന്ത്യശാസനത്തിന് പുല്ലുവില കൽപ്പിച്ച് ഇറാൻ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു. ട്രംപിന്‍റെ കൊലവിളിക്ക്, ചരിത്രത്തിൽ അലക്സാണ്ടർ ചക്രവർത്തിക്കും മംഗോളിയൻ പടയ്ക്കും പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇറാൻ തിരിച്ചടിച്ചത്. ഒരു കാലത്തിനും സാധിക്കാത്തത് ഒരു 'മനോരോഗിക്ക്' കഴിയില്ലെന്നും തുർക്കിയിലെ ഇറാൻ എംബസി പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി മാത്രം, കീഴടങ്ങുന്ന തരത്തിലുള്ള യാതൊരു വ്യവസ്ഥകൾക്കും തങ്ങൾ വഴങ്ങില്ലെന്നും ഇറാൻ വ്യക്തമാക്കി. അമേരിക്ക വിട്ടുവീഴ്ചകൾക്ക് തയ്യാറാണെങ്കിൽ തങ്ങളും വിട്ടുവീഴ്ചക്കും സമാധാനത്തിന് തയ്യാറാണെന്നും ഇറാൻ വിവരിച്ചിട്ടുണ്ട്. എന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ ഹോർമൂസ് കടലിടുക്കിന് പുറമെ ബാബ് അൽ മന്ദബ് കൂടി അടയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതോടെ ആഗോള എണ്ണ വിപണിയും ചരക്കുനീക്കവും പൂർണ്ണമായും സ്തംഭിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഒപ്പം യുദ്ധം കൂടുതൽ രൂക്ഷമാകുമോ എന്ന ആശങ്കയും വർധിച്ചിട്ടുണ്ട്.
