മുന്നൂറ് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് മലേഷ്യൻ അതിർത്തിയോട് ചേർന്നുള്ള ഇവിടെയുണ്ടായത്.
ബാങ്കോക്ക്: കൊടും മഴയിൽ മുങ്ങി തായ്ലാൻഡ്. 300 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. തായ്ലാൻഡിന്റെ മിക്ക ഭാഗങ്ങളും വെള്ളപ്പൊക്ക കെടുതികൾ നേരിടുകയാണ്. 18ഓളം പേരാണ് ഇതിനോടകം പല ഭാഗങ്ങളിലാണ് വെള്ളപ്പൊക്ക കെടുതികളിൽ മരിച്ചത്. സൈന്യം കപ്പലുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. തായ്ലാൻഡിലെ തെക്കൻ മേഖലയായ ഹാറ്റ് യായ് പൂർണമായും മുങ്ങി. മുന്നൂറ് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് മലേഷ്യൻ അതിർത്തിയോട് ചേർന്നുള്ള ഇവിടെയുണ്ടായത്. വീടുകളും വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. പാതിയിലേറെ മുങ്ങിയ കെട്ടിടങ്ങളുടെ മുകളിൽ രക്ഷാപ്രവർത്തകർ എത്തുന്നതിനായി കാത്തിരിക്കുന്ന സാധാരണക്കാരുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
രക്ഷയ്ക്കായി വൈദ്യുതി പോസ്റ്റുകളിൽ വരെ കയറി ജനം
സമീപ രാജ്യങ്ങളായ വിയറ്റ്നാമിലും മഴക്കെടുതിയിൽ 98 പേർ കൊലപ്പെട്ടിട്ടുണ്ട്. മലേഷ്യയിൽ 19000 പേരാണ് സ്വന്തം വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ടിട്ടുള്ളത്. 2 ദശലക്ഷത്തിലേറെ ആളുകളാണ് വെള്ളപ്പൊക്കത്തിൽ സാരമായി ബാധിച്ചിട്ടുള്ളത്. 13000 പേരാണ് ഇതിനോടകം ഷെൽട്ടറുകളിൽ അഭയം തേടിയിട്ടുള്ളത്. വലിയ ഭൂരിപക്ഷം ആളുകളിലേക്കും സഹായെ എത്തിയിട്ടില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. മൂവായിരം പേർക്ക് ഒരു ദിവസം ഭക്ഷണം നൽകാനാവുന്ന ഫീൽഡ് കിച്ചണും 14 ബോട്ടുകളും വിമാനങ്ങളും രക്ഷാപ്രവർത്തന രംഗത്തുണ്ടെന്നാണ് തായ് സൈനിക വക്താവ് വിശദമാക്കിയിട്ടുള്ളത്.
വിമാന വാഹിനിക്കപ്പലിനെ സഞ്ചരിക്കുന്ന ആശുപത്രിയാക്കുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. സോംഗ്ലയെ ദുരിത ബാധിത പ്രദേശമായി ചൊവ്വാഴ്ച മന്ത്രി സഭ പ്രഖ്യാപിച്ചിരുന്നു. രക്ഷാപ്രവർത്തന മേഖലയിലുള്ള എൻജിഒകൾക്ക് നിരവധിപ്പേരാണ് സഹായം അഭ്യർത്ഥിച്ച് സന്ദേശം അയയ്ക്കുന്നത്. ജലനിരപ്പ് ഉയർന്നതിന് പിന്നാലെ വൈദ്യുതി പോസ്റ്റിൽ അഭയം തേടിയ കൗമാരക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.


