മിസൈൽ ആക്രമണത്തിന് പിന്നാലെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞു. സമീപത്തായി പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ മണ്ണിൽ മൂടി.

ദില്ലി: ഇറാൻ തൊടുത്തുവിട്ട 180-ഓളം ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് ഇസ്രയേലിന്‍റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്‍റെ ടെൽ അവീവിലെ ആസ്ഥാനത്തിന് സമീപം പതിച്ചു. പിന്നാലെ മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം രൂപപ്പെട്ടതായി റിപ്പോർട്ട്. മൊസാദ് ആസ്ഥാനത്തിന് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തു വന്നതെന്ന് സിഎൻഎൻ ജിയോ ലൊക്കേറ്റ് ചെയ്തു. 

പാർക്കിംഗ് സ്ഥലമെന്നു തോന്നിക്കുന്ന സ്ഥലത്താണ് 50 അടി വീതിയിൽ ഗർത്തമുണ്ടായത്. മിസൈൽ ആക്രമണത്തിന് പിന്നാലെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞു. സമീപത്തായി പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ മണ്ണിൽ മൂടി. വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതോടെ ഒരു കോടിയോളം പേർ ബോംബ് ഷെൽട്ടറുകളിൽ അഭയം തേടി. അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ അയൺ ഡോമും ആരോയുമാണ് മിക്ക മിസൈലുകളും തകർത്തതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. 

ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയും ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഹിസ്ബുല്ലയ്ക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചതിന് പിന്നാലെയാണ്, ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടത്. ജോര്‍ദാനിലെ നഗരങ്ങള്‍ക്കു മുകളിലൂടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് നീങ്ങുന്ന മിസൈലുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആക്രമണം നടന്നെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. 

ഇറാൻ വലിയ തെറ്റ് ചെയ്തുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, ഇസ്രയേലിനുള്ള മറുപടി നൽകി കഴിഞ്ഞു എന്നാണ് ആക്രമണ ശേഷമുള്ള ഇറാന്‍റെ പ്രതികരണം. തിരിച്ചടി വൈകില്ലെന്ന ഇസ്രയേലിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. 

Scroll to load tweet…
Scroll to load tweet…

'ഇറാൻ സ്വതന്ത്രമാകും, നിങ്ങൾ കരുതുന്നതിലും വേഗത്തിൽ': ഇറാൻ ജനതയ്ക്ക് അസാധാരണ സന്ദേശവുമായി നെതന്യാഹു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം