Asianet News MalayalamAsianet News Malayalam

ലാദന്റെ ആക്രമണങ്ങൾ അവസാനിച്ചിരുന്നില്ല; 'അമേരിക്കയെ തകർക്കാൻ ജെറ്റ്, റെയിൽവേ ഭീകരാക്രമണം ആസൂത്രണം ചെയ്തു'

യാത്രാ വിമാനങ്ങളിലെ ശക്തമായ സുരക്ഷയാണ് ചാർട്ടർ വിമാനങ്ങളിലേക്ക് തിരിയാൻ ലാദനെ പ്രേരിപ്പിച്ചത്. ഇതിനായി ഒരു ചാർട്ടർ വിമാനം സംഘടിപ്പിക്കാനും അൽ ഖ്വയിദയുടെ ഉന്നത നേതാവിന് അയച്ച കത്തിൽ ലാദൻ ആവശ്യപ്പെടുന്നുണ്ട്.

Osama bin Laden planned another terror attack against the US after 9/11
Author
Washington D.C., First Published Apr 25, 2022, 7:01 PM IST

9/11 ഭീകരാക്രമണത്തിന് പിന്നാലെ അമേരിക്കയെ വീണ്ടും ആക്രമിക്കാന്‌‍ അൽഖ്വയ്ദ നേതാവ്  ഒസാമ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ.  ചാർട്ടർ ജെറ്റുകളുപയോഗിച്ചും ട്രെയിൻ പാളം തെറ്റിച്ചും അമേരിക്കയെ ആക്രമിക്കാനാണ് ബിൻ ലാദൻ പദ്ധതിയിട്ടിരുന്നത്. യുഎസ് നേവി സീലിന്റെ ഡീക്ലാസ്സിഫൈ ചെയ്ത രേഖകൾ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസ് ആണ് ലാദന്റെ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള പുതിയ വിവരം പുറത്തുവിട്ടത്. 9/11ന് ശേഷം സ്വകാര്യ ജെറ്റുകൾ ഉപയോഗിച്ച് അമേരിക്കയെ ആക്രമിക്കാനായിരുന്നു ലാദന്റെ നീക്കം. യുഎസിലെ റെയിൽവേ പാളങ്ങളിൽ 12 മീറ്ററോളം വിള്ളലുണ്ടാക്കി ട്രെയിൻ അപകടങ്ങൾ ഉണ്ടാക്കി നിരവധി പേരെ വധിക്കുന്ന പദ്ധതിയും ലാദന്റെ ആലോചനയിലുണ്ടായിരുന്നു.  

എന്നാൽ  9/11 ആക്രമണത്തിന് ശേഷം ഉടൻ തന്നെ അമേരിക്ക അഫ്​ഗാനെ ആക്രമിക്കുമെന്നത് ലാദൻ പ്രതീക്ഷിച്ചില്ലെന്നും അമേരിക്കയുടെ അഫ്​ഗാൻ ആക്രമണമാണ് ലാദന്റെ പദ്ധതികൾക്ക് തിരിച്ചടിയായതെന്നും എഴുത്തുകാരിയും ഇസ്‌ലാമിക് പണ്ഡിതയുമായ നെല്ലി ലഹൂദ്  വിലയിരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. എവിടെയാണ് റെയിൽവേ പാളങ്ങൾ മുറിക്കേണ്ടതെന്ന് പ്ലോട്ട് നിശ്ചയിക്കപ്പെട്ടിരുന്നു. യാത്രാ വിമാനം ഹൈജാക്ക് ചെയ്യുന്നതിനുപകരം, ചാർട്ടർ വിമാനങ്ങൾ ഉപയോ​ഗിച്ച് ആക്രമിക്കണം. അത് ബുദ്ധിമുട്ടാണെങ്കിൽ യുഎസ് റെയിൽവേയെ ലക്ഷ്യമിട്ട് ആക്രമിക്കാനായിരുന്നു പദ്ധതി- നെല്ലി ലഹൂദ്   പറയുന്നു. അൽ ഖായിദയെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയതിന് ശേഷമാണ് ലഹൂദിന്റെ കണ്ടെത്തൽ. ലാദന്റെ സ്വകാര്യ എഴുത്തുകളും കുറിപ്പുകളും ഇവർ പഠനവിധേയമാക്കി. യുഎസിന്റെ തിരിച്ചടി ലാദന് അപ്രതീക്ഷിതമായിരുന്നു. സംഘാംഗങ്ങൾക്കു ലാദൻ അയച്ച എഴുത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നാലെ മൂന്നു വർഷത്തോളം ഒളിവിൽ കഴിഞ്ഞ ലാദൻ ഇക്കാലയളവിൽ ആരുമായും ബന്ധപ്പെട്ടില്ല.

Osama bin Laden planned another terror attack against the US after 9/11

യാത്രാ വിമാനങ്ങളിലെ ശക്തമായ സുരക്ഷയാണ് ചാർട്ടർ വിമാനങ്ങളിലേക്ക് തിരിയാൻ ലാദനെ പ്രേരിപ്പിച്ചത്. ഇതിനായി ഒരു ചാർട്ടർ വിമാനം സംഘടിപ്പിക്കാനും അൽ ഖ്വയിദയുടെ ഉന്നത നേതാവിന് അയച്ച കത്തിൽ ലാദൻ ആവശ്യപ്പെടുന്നുണ്ട്. കംപ്രസറോ  ഇരുമ്പ് ഉപകരണം ഉപയോഗിച്ചോ റെയിൽവേ ട്രാക്കിന്റെ ബിറ്റുകൾ എങ്ങനെ മുറിക്കാമെന്ന് ലാദൻ അനുയായികൾക്ക് നിർദേശം നൽകി.

9/11 ആക്രമണത്തിന് ശേഷം അമേരിക്ക യുദ്ധത്തിലേക്ക് നീങ്ങുമെന്ന് അൽ ഖ്വയ്ദ പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ വ്യോമാക്രമണത്തിലൂടെ യു.എസ് പ്രതികരിക്കുമെന്നാണ് ലാദൻ കണക്കുകൂട്ടിയത്. എന്നാൽ അഫ്​ഗാനിൽ അമേരിക്ക യുദ്ധപ്രഖ്യാപിച്ചതോടെ ലാദന്റെ തന്ത്രങ്ങൾ പാളി. യുദ്ധത്തിനെതിരെ അമേരിക്കൻ ജനത തെരുവിലിറങ്ങുമെന്ന ലാദന്റെ കണക്കുകൂട്ടലും തെറ്റി. മുസ്ലീം പ്രദേശങ്ങളിൽ നിന്ന് പിന്മാറാൻ അമേരിക്കൻ ജനത സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം കരുതിയതും തെറ്റി. 

Osama bin Laden planned another terror attack against the US after 9/11

ക്രൂഡ് ഓയിൽ ടാങ്കറുകളും മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പ്രധാന ഷിപ്പിംഗ് റൂട്ടുകളും ലക്ഷ്യമിട്ട് 2010ൽ ബിൻ ലാദൻ ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളെന്ന വ്യാജേന അൽ ഖ്വയ്ദ പ്രവർത്തകർ തുറമുഖങ്ങളിലെത്തി ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. റഡാറിൽ നിന്ന് രക്ഷപ്പെടാൻ പ്രത്യേക ബോട്ടുകൾ എവിടെ നിന്ന് വാങ്ങണമെന്നും സ്ഫോടകവസ്തുക്കൾ കടത്താൻ കപ്പലുകൾ എങ്ങനെ ഉപയോഗിക്കണമെന്നും അദ്ദേഹം അണികൾക്ക് നിർദേശം നൽകി. അമേരിക്കൻ എണ്ണ വിപണിയെ അസ്ഥിരപ്പെടുത്തുകയായിരുന്നു ഈ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത്. 

2012ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ പ്രതിസന്ധിയിലാക്കാൻ  ബറാക് ഒബാമയെ വധിക്കാൻ ലാദൻ അനുയായികളെ പ്രേരിപ്പിച്ചതായി നേരത്തെ വെളിപ്പെടുത്തലുണ്ടായിരുന്നു.  ഒബാമ അവിശ്വാസത്തിന്റെ തലവനാണ്.  അദ്ദേഹത്തെ  വധിച്ചാൽ ശേഷിക്കുന്ന കാലയളവിൽ 
ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. ബൈഡൻ പ്രസിഡന്റ് സ്ഥാനത്തിന് അനുയോജ്യമല്ലെന്നും അതുവഴി അമേരിക്ക പ്രതിസന്ധിയിലാകുമെന്നും ലാദൻ കണക്കുകൂട്ടി. 

Follow Us:
Download App:
  • android
  • ios