ദുബായ് എയർ ഷോയിൽ ഇന്ത്യൻ തേജസ് വിമാനം തകർന്നു വീണപ്പോൾ, ഒരു പാക് മാധ്യമപ്രവർത്തകൻ ചിരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്തത് വലിയ വിവാദമായി. പൈലറ്റിന്റെ മരണത്തിനിടയാക്കിയ ദുരന്തത്തെ ചിരിയോടെ അവതരിപ്പിച്ച ഈ മനുഷ്യത്വരഹിതമായ പ്രവൃത്തിയിൽ രൂക്ഷ വിമർശനം ഉയർന്നു

ദുബായ്: തേജസ് വിമാനാപകടം നടന്നതിന് പിന്നാലെ പൊട്ടിച്ചിരിച്ചുകൊണ്ട് വീഡിയോ പകര്‍ത്തിയ പാക് മാധ്യമപ്രവർത്തകന് രൂക്ഷ വിമര്‍ശനം. ദുബായ് എയർ ഷോയിലായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണത്. സംഭവത്തിന്റെ ദാരുണ ദൃശ്യങ്ങൾ പകർത്തിയ പാക് മാധ്യമപ്രവര്‍ത്തകൻ പൊട്ടച്ചിരിച്ചുകൊണ്ട് ദുരന്തത്തെ കുറിച്ച് പറയുന്നതിന്റെ ശബ്ദം വീഡിയോയിൽ ഉണ്ടായിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഒരു ഇന്ത്യൻ പൈലറ്റിന്റെ മരണം സംഭവിച്ച ദാരുണ സംഭവത്തെ പൊട്ടിച്ചിരിച്ചുകൊണ്ട് അവതരിപ്പിച്ച മാധ്യമപ്രവര്‍ത്തകനെതിരെയാണ് രൂക്ഷമായ വിമര്‍ശനം ഉയരുന്നത്.

വീഡിയോ പ്രചരിച്ചതോടെ, ഇത് മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയെന്നാണ് നെറ്റിസൺസ് പ്രതികരിച്ചത്. സംഭവത്തിൽ മരിച്ച പൈലറ്റിനോട് പോലും അനാദരവ് കാണിച്ച പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ 'മനുഷ്യത്വമില്ലാത്ത' പ്രവൃത്തിയാണ് ചെയ്തതെന്നും 'നാണമില്ലാതെ ചിരിക്കുന്നു' എന്നും ആരോപിച്ച് നിരവധി എക്സ് ഉപയോക്താക്കൾ രംഗത്തെത്തി. അത്യധികം അറപ്പുളവാക്കുന്നതും അപമാനകരവുമാണിതെന്നും ലജ്ജാകരമാണ് എന്നും പലരും കമന്റ് ചെയ്തു. മാധ്യമപ്രവർത്തകനെതിരെ നടപടിയെടുക്കാനും യുഎഇ സർക്കാരിനോട് ചിലർ ആവശ്യപ്പെട്ടു. അതേസമയം, ആ പാകിസ്ഥാൻ മാധ്യമ പ്രവർത്തകന് വേണ്ടി ഞങ്ങൾ ക്ഷമ ചോദിക്കുന്നു. തീർച്ചയായും ഇത് വലിയ നഷ്ടമാണ്. അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, എന്ന് പാകിസ്ഥാനി എക്സ് ഉപയോക്താവ് പ്രതികരിച്ചു.

Scroll to load tweet…

തേജസ് ദുരന്തം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ഏക പൈലറ്റായ വിംഗ് കമാൻഡർ നമൻഷ് സിയാൽ അപകടത്തിൽ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ നിരവധി നേതാക്കളും ഇന്റർനെറ്റ് ഉപയോക്താക്കളും ദുഃഖം രേഖപ്പെടുത്തി. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പോലും അപകടത്തിൽ മരിച്ച പൈലറ്റിൻ്റെ കുടുംബത്തിനും ഇന്ത്യൻ വ്യോമസേനയ്ക്കും അനുശോചനം അറിയിച്ചിരുന്നു.