200 താലിബാൻ ഭീകരരെ വധിച്ചെന്ന് അഫ്ഗാൻ സൈന്യം അറിയിച്ചു. അഫ്ഗാനിലെ 80 ജില്ലകളിൽ ഉഗ്രയുദ്ധം തുടരുകയാണ്. 

കാബൂള്‍: താലിബാൻ കേന്ദ്രങ്ങളിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക. 200 താലിബാൻ ഭീകരരെ വധിച്ചെന്ന് അഫ്ഗാൻ സൈന്യം അറിയിച്ചു. അഫ്ഗാനിലെ 80 ജില്ലകളിൽ ഉഗ്രയുദ്ധം തുടരുകയാണ്. ആക്രമണം ശക്തമായ നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. 

വടക്കന്‍ അഫ്ഗാന്‍ പ്രവശ്യയായ ജൗസ്ജാന്റെ തലസ്ഥാനം ഷെബെര്‍ഗാനും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. ഗവര്‍ണറുടെ ഓഫിസടക്കം പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ താലിബാന്‍ പിടിച്ചടക്കി. ജയിലുകള്‍ പിടിച്ചെടുത്ത ഭീകരര്‍ തടവുകാരെ തുറന്നുവിട്ടു. രണ്ട് ദിവസത്തിനുള്ളില്‍ താലിബാന്റെ നിയന്ത്രണത്തിലാകുന്ന രണ്ടാമത്തെ നഗരമാണ് ഷെബെര്‍ഗാന്‍. അതേസമയം നഗരത്തിന്റെ നിയന്ത്രണം നഷ്ടമായിട്ടില്ലെന്നും സൈന്യം ഇപ്പോഴും ഷെബെര്‍ഗാനിലുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനാണ് സൈന്യം തല്‍ക്കാലം പിന്‍വാങ്ങിനില്‍ക്കുന്നതെന്ന് സൈനിക വക്താവ് ഫവാദ് അമന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നിമ്രുസ് പ്രവിശ്യയിലെ സരാഞ്ച് നഗരം കൂടി പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു. അഫ്ഗാന്‍ സര്‍ക്കാറില്‍ നിന്ന് ആദ്യത്തെ പ്രവിശ്യാ തലസ്ഥാനമാണ് താലിബാന്‍ പിടിച്ചെടുക്കുന്നത്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയതോടെയാണ് രാജ്യത്ത് താലിബാന്‍ സ്വാധീനം ശക്തമാക്കിയത്. രാജ്യത്തിന്റെ പല തന്ത്രപ്രധാന മേഖലകളും ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്. അഫ്ഗാനിലെ മറ്റ് പ്രവിശ്യകളും ഉടന്‍ നിയന്ത്രണത്തിലാകുമെന്ന് താലിബാന്‍ വക്താക്കള്‍ അഭിപ്രായപ്പെട്ടു.

സരാഞ്ച് ജയില്‍ പിടിച്ചെടുത്ത് തടവുകാരെയും താലിബാന്‍ മോചിപ്പിച്ചിരുന്നു. ഇന്റലിജന്റ്സ് ഹെര്‍ക്വാര്‍ട്ടേഴ്സിന്റെ നിയന്ത്രണവും പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. തെളിവായി ചിത്രങ്ങളും വിഡിയോയും താലിബാന്‍ പുറത്തുവിട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona