അബുദാബിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച പുലർച്ചെ 2 മണി വരെ നിർത്തിവച്ചിരിക്കുമെന്ന് എത്തിഹാദ് എയർവേയ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ദുബായ്: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി ഇസ്രയേൽ -യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ​ഗൾഫ് രാജ്യങ്ങളിലേക്ക് ശക്തമായ വ്യോമാക്രമണം തുടരുകയാണ് ഇറാൻ. ഇറാന്റെ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം അടിമുടി താളംതെറ്റി. ഏഴ് വിമാനത്താവളങ്ങളിൽനിന്നുള്ള 3,400 വിമാനസർവ്വീസുകളാണ് ഞായറാഴ്ച മാത്രം റദ്ദാക്കിയത്. ദുബായ്, അബൂദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം എന്നീ വിമാനത്തവാളങ്ങൾ നിശ്ചലമായിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചതായി ഫ്ലൈ ദുബായ് അറിയിച്ചു. ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ താൽക്കാലികമായി നിർത്തിവച്ചതായി എമിറേറ്റ്സ് അറിയിച്ചു. എയർ അറേബ്യയും യുഎഇയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ റദ്ദാക്കി. അബുദാബിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച പുലർച്ചെ 2 മണി വരെ നിർത്തിവച്ചിരിക്കുമെന്ന് എത്തിഹാദ് എയർവേയ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുരിതബാധിതരും കുടുങ്ങിക്കിടക്കുന്നവരുമായ യാത്രക്കാർക്കുള്ള എല്ലാ താമസ, ഉപജീവന ചെലവുകളും തങ്ങൾ വഹിക്കുമെന്ന് യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ബോർഡിംഗ് വിൻഡോ സ്ഥിരീകരിക്കുന്നില്ലെങ്കിൽ വിമാനത്താവളത്തിലേക്ക് പോകരുതെന്നും അധികൃതർ അറിയിച്ചു.

ഇറാന്‍റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.