കുവൈത്തിൽ തൊഴിലുടമയുമായുള്ള തർക്കത്തെ തുടർന്ന് 400-ലധികം തൊഴിലാളികൾ സംഘടിച്ചു. സംഭവത്തിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തൊഴിലുടമയ്ക്കും കമ്പനി അധികൃതർക്കുമെതിരെ നടപടി സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾ സംഘം ചേർന്നതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് തൊഴിലുടമയെയും കമ്പനി അധികൃതരെയും, എക്സിക്യൂട്ടീവ് മാനേജരെയും റെസിഡൻസി അഫയേഴ്സ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലേക്ക് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കൈമാറിയതായി അറിയിച്ചു. തൊഴിലാളികളെ നിയമിക്കുന്ന രീതിയിലും തൊഴിൽ സാഹചര്യങ്ങളിലുമുള്ള സംശയങ്ങളെ തുടർന്നാണ് നടപടി.

Add Asianetnews as a Preferred SourcegooglePreferred

പബ്ലിക് സെക്യൂരിറ്റി വിഭാഗത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് 400ലധികം തൊഴിലാളികൾ പങ്കെടുത്ത ഒത്തുചേരൽ നിയന്ത്രിക്കാൻ ലേബർ റിലേഷൻസ് വിഭാഗവും ഫീൽഡ് പരാതി വിഭാഗവും സ്ഥലത്തെത്തി. സുരക്ഷാ സേനയുടെ സഹകരണത്തോടെ കൂട്ടായ്മ പിരിച്ചുവിടുകയും ചെയ്തു. തുടർന്ന് തൊഴിലാളികളെ ചോദ്യം ചെയ്തതോടെ തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങളാണ് സംഭവത്തിന് കാരണം എന്ന് കണ്ടെത്തി. തൊഴിലുടമയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

അടുത്ത ദിവസം ഏകദേശം 300 തൊഴിലാളികൾ മാൻപവർ അതോറിറ്റിയുടെ ആസ്ഥാനത്തിന് പുറത്തും കൂട്ടം കൂടിയിരുന്നു, ഇത് കൂടി സുരക്ഷാ സേനയുടെ സഹായത്തോടെ പിരിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. തൊഴിലുടമകളും തൊഴിലാളികളും കരാറുകളും തൊഴിൽ നിയമങ്ങളും കർശനമായി പാലിക്കണമെന്നും, പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃത മാർഗങ്ങൾ ഉപയോഗിക്കണമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.