മാഡ്രിഡ്: വൈന്‍ നിര്‍മാണ ശാലയിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് പ്രദേശത്താകെ ഒഴുകിയത് പതിനായിരക്കണക്കിന് ലിറ്റര്‍ വൈന്‍. സ്‌പെയിനിലെ അല്‍ബാസെറ്റിലെ വൈന്‍ നിര്‍മാണശാലയിലെ സ്റ്റോറേജ് ടാങ്കിലാണ് ചോര്‍ച്ചയുണ്ടായത്.

ചോര്‍ച്ച സംഭവിച്ച് നിമിഷങ്ങള്‍ക്കകം പ്രദേശമാകെ ചുവന്ന വൈന്‍ ഒഴുകിപ്പരക്കുകയായിരുന്നു. ഏകദേശം 50,000 ലിറ്ററോളം വൈന്‍ ചോര്‍ന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശവാസികള്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സ്പെയിനിലെ മുന്തിരി വിളവെടുപ്പ് കാലത്താണ് വൈന്‍ നിര്‍മാണശാലയില്‍ ചോര്‍ച്ചയുണ്ടായത്. വൈന്‍ നിര്‍മ്മാണ ശാലകളില്‍ ജോലി ചെയ്യുന്നവര്‍  മുന്തിരി വിളവെടുത്ത് വൈന്‍ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയം കൂടിയാണിതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ജനുവരിയില്‍ കാലിഫോര്‍ണിയയിലും ഇത്തരത്തിൽ വൈൻ ചോർച്ചയുണ്ടായി. നിര്‍മാണശാലയില്‍ നിന്ന് 3,67,000 ലിറ്റര്‍ വൈനായിരുന്നു അന്ന് ചോര്‍ന്നിരുന്നത്. രണ്ടു വര്‍ഷം മുമ്പ് ഇറ്റലിയിലും സമാനമായ വൈന്‍ ചോര്‍ച്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു.