ഇസ്ലാമാബാദ്‌: സാമ്പത്തികരംഗത്ത്‌ മുതല്‍ ക്രിക്കറ്റില്‍ വരെ പാകിസ്‌താനിലെ ജനങ്ങളെ തേടിയെത്തുന്നത്‌ നിരാശാജനകമായ വാര്‍ത്തകളെന്ന്‌ പാക്‌ ചീഫ്‌ ജസ്റ്റിസ്‌ ആസിഫ്‌ സയിദ്‌ ഖോസ. ദേശീയ സമ്പദ്‌ വ്യവസ്ഥ അത്യാസന്നനിലയിലാണ്‌. സര്‍ക്കാരിലെ അസ്വാരസ്യങ്ങളും നിരാശ മാത്രമാണ്‌ സമ്മാനിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാക്‌ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു കോടതിസംവിധാനത്തെ പുകഴ്‌ത്തിയുള്ള ചീഫ്‌ ജസ്റ്റിസിന്റെ വാക്കുകള്‍. സമ്പദ്‌ വ്യവസ്ഥ ഐസിയുവിലാണെന്നോ ഐസിയുവില്‍ നിന്ന്‌ പുറത്തിറങ്ങിയതേ ഉള്ളു എന്നോ പറയേണ്ടിവരും. പാര്‍ലമെന്റില്‍ നിന്നുള്ള ബഹളങ്ങള്‍ നാം ദിവസവും കേള്‍ക്കുന്നുണ്ട്‌. സഭാ അധ്യക്ഷനോ പ്രതിപക്ഷ നേതാവിനോ ഒരക്ഷരം മിണ്ടാന്‍ പോലും കഴിയുന്നില്ല. അത്‌ നിരാശാജനകമാണ്‌. ഇനി ചാനല്‍ മാറ്റി ക്രിക്കറ്റ്‌ ലോകകപ്പ്‌ കാണാമെന്ന്‌ തീരുമാനിച്ചാല്‍ നിര്‍ഭാഗ്യവശാല്‍ അവിടെനിന്ന്‌ ലഭിക്കുന്നതും നിരാശ തന്നെയാണ്‌ എന്നാണ്‌ ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞത്‌.

ഭരണകക്ഷികളായ പാകിസ്‌താന്‍ തെഹ്രി കെ ഇന്‍സാഫും പാകിസ്‌താന്‍ മുസ്ലീം ലീഗ്‌-നവാസും തമ്മിലുള്ള അസ്വാരസ്യങ്ങളെ സൂചിപ്പിച്ചായിരുന്നു ചീഫ്‌ ജസ്റ്റിസ്‌ പാര്‍ലമെന്റിനെക്കുറിച്ച്‌ പരാമര്‍ശിച്ചത്‌. കോടതികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നത്‌ മാത്രമാണ്‌ പാകിസ്‌താനിലെ നല്ല വാര്‍ത്തയെന്നും അദ്ദേഹം അവകാശപ്പെട്ടു.