തെളിവ് എവിടെ എന്ന ചോദ്യത്തിന് നൽകിയ മറുപടിയിലൂടെ പാക് പ്രതിരോധ മന്ത്രി ലോകത്തിന് മുൻപിൽ സ്വയം പരിഹാസ്യനായി മാറിയിരിക്കുകയാണ്.

ഇസ്ലാമാബാദ്: ഇന്ത്യൻ യുദ്ധവിമാനം വെടിവച്ചിട്ടു എന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ അതിന് തെളിവ് എവിടെ എന്ന ചോദ്യത്തിന് നൽകിയ മറുപടിയിലൂടെ പാക് പ്രതിരോധ മന്ത്രി ലോകത്തിന് മുൻപിൽ സ്വയം പരിഹാസ്യനായി മാറിയിരിക്കുകയാണ്. ചില സോഷ്യൽ മീഡിയ വീഡിയോകളാണ് പ്രതിരോധ മന്ത്രി തെളിവായി ചൂണ്ടിക്കാട്ടിയത്.

തെളിവ് എവിടെ?

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ തിരിച്ചടിച്ചെന്നും ഇന്ത്യൻ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നുമാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അവകാശപ്പെട്ടത്. തകർന്ന വിമാനങ്ങളുടെ തെളിവ് എവിടെയെന്ന് സിഎൻഎന്നിലെ ബെക്കി ആൻഡേഴ്‌സണ്‍ ചോദിച്ചപ്പോൾ വിചിത്രമായ മറുപടിയാണ് പാക് പ്രതിരോധ മന്ത്രി നൽകിയത്- 'എല്ലായിടത്തും വീഡിയോകളുണ്ട്. പാകിസ്ഥാനികളുടെ സോഷ്യൽ മീഡിയയിൽ മാത്രമല്ല, ഇന്ത്യക്കാരുടെ സോഷ്യൽ മീഡിയയിലുമുണ്ട്'- ആധികാരികമായ തെളിവ് പുറത്തുവിടാതെ സോഷ്യൽ മീഡിയ വീഡിയോകൾ തെളിവായി ഒരു രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടിയത് ആഗോള തലത്തിൽ രൂക്ഷവിമർശനത്തിന് ഇടയാക്കി.

ഒറ്റപ്പെട്ട് പാകിസ്ഥാൻ

പാകിസ്ഥാൻ ശക്തമായി തിരിച്ചടിക്കും എന്ന് പറയുമ്പോൾ തന്നെ സംഘർഷം ലഘൂകരിക്കാനുള്ള ആഗ്രഹവും പാക് പ്രതിരോധ മന്ത്രി സൂചിപ്പിച്ചു. ഈ സംഘർഷം ഒരു പൂർണ്ണ യുദ്ധമായി തീരാനുള്ള സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാൻ തങ്ങൾ ശ്രമിക്കുന്നു എന്നുമായിരുന്നു പ്രതികരണം. 

അതേസമയം ബ്ലൂംബെർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ നിലപാട് വീണ്ടും മയപ്പെടുത്തി: “ഞങ്ങൾ ഇന്ത്യയോട് ശത്രുതാപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് കഴിഞ്ഞ രണ്ടാഴ്ചയായി പറഞ്ഞുവരുന്നു. പക്ഷേ ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ ഞങ്ങൾ പ്രതികരിക്കും. ഇന്ത്യ പിന്മാറിയാൽ, തീർച്ചയായും ഈ പിരിമുറുക്കം ഞങ്ങൾ അവസാനിപ്പിക്കും.”

ഭീകരവാദികൾക്കെതിരെ ആയിരുന്നു ആക്രമണം എന്നതിനാൽ ഓപ്പറേഷൻ സിന്ദൂരിന് അന്താരാഷ്ട്ര തലത്തിൽ പിന്തുണ ലഭിച്ചു. തുർക്കിയും അസർബൈജാനും മാത്രമാണ് പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചത്. തീവ്രവാദ വിഷയത്തിൽ പാകിസ്ഥാൻ നയതന്ത്രപരമായി വീണ്ടും ഒറ്റപ്പെടുകയാണെന്നാണ് വ്യക്തമാകുന്നത്. 

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം