Asianet News MalayalamAsianet News Malayalam

ഒഴിവ് വരുന്ന ഒമ്പത് സീറ്റുകളിലും താൻ തന്നെ മത്സരിക്കുമെന്ന് പാക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇമ്രാൻ ഖാന്റെ ആസ്തി വിവാദത്തിൽ സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താത്തതിന് ആജീവനാന്തമായി അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ഭരണ സഖ്യം വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നൽകി.

Pak Ex PM Imran Khan announces he will personally contest nine seats
Author
Islamabad, First Published Aug 6, 2022, 6:09 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് നിയമസഭാംഗങ്ങൾ രാജിവച്ചതിനെത്തുടർന്ന് ഒഴിവുവന്ന ഒമ്പത് നിയമസഭാ സീറ്റുകളിലും താൻ തന്നെ മത്സരിക്കുമെന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇമ്രാൻ ഖാനെ അവിശ്വാസ വോട്ടിലൂടെ പുറത്താക്കിയതിനെ തുടർന്ന് പിടിഐയുടെ 123 സഭാംഗങ്ങൾ കൂട്ടത്തോടെ രാജി സമർപ്പിച്ചിരുന്നു. ഇവരിൽ 11 പേരുടെ രാജി സ്പീക്കർ അംഗീകരിച്ചു. ഇതിൽ ഒമ്പതിടത്ത് ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 25-ന് നടത്തുമെന്ന് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) അറിയിച്ചു. രണ്ട് നിയമസഭാംഗങ്ങൾ പരോക്ഷമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് ഒഴിവുവരുന്ന ഒമ്പത് മണ്ഡലങ്ങളിൽ നിന്ന് താൻ മത്സരിക്കാൻ ഇമ്രാൻ ഖാൻ തീരുമാനിച്ചതായി പിടിഐ അറിയിച്ചു.

അതേസമയം, ഇമ്രാൻ ഖാന്റെ ആസ്തി വിവാദത്തിൽ സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താത്തതിന് ആജീവനാന്തമായി അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ഭരണ സഖ്യം വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നൽകി. പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) സമർപ്പിച്ച ഹർജിയിൽ, 2017ൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയ അതേ വകുപ്പായ ഭരണഘടനയുടെ ആർട്ടിക്കിൾ 62(1)(എഫ്) പ്രകാരം ഖാനെ ആജീവനാന്തമായി അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടതായി എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാൻ തന്റെ ആസ്തി പ്രഖ്യാപനത്തിൽ തോഷഖാനയിൽ നിന്ന് ലഭിച്ച സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ ആർട്ടിക്കിൾ 62(1)(എഫ്) വകുപ്പ് പ്രകാരം അയോഗ്യനാക്കണമെന്നും ഹർജിയിൽ പറയുന്നു. ഒരു പാർലമെന്റ് അംഗം സത്യസന്ധനും നീതിമാനുമായിരിക്കണമെന്നും പരാതിയിൽ പറയുന്നു.

'വരാനിരിക്കുന്നത് മോശം ദിനങ്ങൾ'; പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിയുടെ മുന്നറിയിപ്പ് നൽകി ധനമന്ത്രി

പാകിസ്ഥാൻ നിയമമനുസരിച്ച്, വിദേശ രാജ്യങ്ങളിലെ പ്രമുഖരിൽ നിന്ന് ലഭിക്കുന്ന ഏത് സമ്മാനവും തോഷഖാനയിൽ സൂക്ഷിക്കണമെന്നാണ് നിയമം. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ സമ്മാനിച്ച വിലകൂടിയ മൂന്ന് വാച്ചുകൾ വിറ്റ് ഖാൻ 36 ദശലക്ഷം രൂപ നേടിയതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അത് തനിക്ക് ലഭിച്ച സമ്മാനങ്ങളാണെന്നും അതിനാൽ അവ സൂക്ഷിക്കണമോ വേണ്ടയോ എന്നത് തന്റെ തീരുമാനമാണെന്നുമായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം. വിവരാവകാശ നിയമപ്രകാരം ചോദ്യം വന്നതോടെയാണ് സംഭവം വിവാദമായത്. 

Follow Us:
Download App:
  • android
  • ios