വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ മുൻ ചീഫ് ജസ്റ്റിസിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല  

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ഭീകരർ വെടിവെച്ച് കൊന്നു. ഖരൻ പ്രദേശത്തെ പള്ളിക്ക് പുറത്ത് മുഹമ്മദ് നൂർ മെസ്കൻസായിക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. വെടിവെപ്പിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ ചീഫ് ജസ്റ്റിസിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിർ അബ്ദുൾ ഖുദൂസ് ബിസെഞ്ചോ അദ്ദേഹത്തിന്റെ സേവനങ്ങൾ അവിസ്മരണീയമായിരുന്നുവെന്ന് ഓർമ്മിച്ചു. 

ശത്രുക്കളുടെ ആക്രമണങ്ങൾക്ക് രാജ്യത്തെ ഭയപ്പെടുത്താനാവില്ലെന്നും ബിസെൻജോ കൂട്ടിച്ചേർത്തു. ശരിയത്തിനെതിരായി റിബ അടിസ്ഥാനമാക്കിയുള്ള ബാങ്കിംഗ് സംവിധാനം എന്ന സുപ്രധാന വിധി പ്രഖ്യാപിച്ചത് മെസ്കൻസായി ആയിരുന്നു. ക്വറ്റ ബാർ അസോസിയേഷൻ (ക്യുബിഎ) പ്രസിഡന്റ് അജ്മൽ ഖാൻ കാക്കറും മുസ്‌കൻസായിയുടെ കൊലപാതകത്തെ അപലപിച്ചു. മുൻ ജഡ്ജിയുടെ മരണത്തിൽ പാക്കിസ്ഥാനിലെ ഓരോ പൗരനും അതിയായ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു, കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു,” അജ്മൽ കാക്കറിനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ സുരക്ഷാ സ്ഥിതി മോശമായ സാഹചര്യത്തിലാണ് മുൻ ചീഫ് ജസ്റ്റിസിന്റെ കൊലപാതകം. ഈ മാസം ആദ്യം, പാകിസ്ഥാൻ നിയമ സഹമന്ത്രി ഷഹാദത്ത് ഹുസൈൻ രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ കുത്തനെ വർധിച്ചതായി വ്യക്തമാക്കിയിരുന്നു. ഈ വർഷം പാക്കിസ്ഥാനിൽ ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾ രേഖപ്പെടുത്തിയത് സെപ്തംബറിൽ ആണെന്ന് ഇസ്ലാമാബാദ് ആസ്ഥാനമായുള്ള ഒരു ഗവേഷണ സ്ഥാപനം ചൂണ്ടി കാട്ടിയിരുന്നു. നിയമവിരുദ്ധമായ തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ആക്രമണം പുനരാരംഭിച്ചതായും ഇവർ അറിയിച്ചിരുന്നു.

ഈ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്തംബറിൽ ഭീകരാക്രമണങ്ങളുടെ എണ്ണം വർധിച്ചതായി പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസിനെ (പിഐസിഎസ്എസ്) ഉദ്ധരിച്ച് ഡോൺ നേരത്തെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഓഗസ്റ്റിനെ അപേക്ഷിച്ച് 35 ശതമാനം വർധനയോടെ 42 ഭീകരാക്രമണങ്ങൾക്കാണ് രാജ്യം സെപ്തംബറിൽ സാക്ഷ്യം വഹിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഫത്തയിലും ഖൈബർ പഖ്തൂൺഖ്വയിലും (കെപി) അക്രമങ്ങളിൽ 106 ശതമാനം വർധനവ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഈ വർഷം ഓഗസ്റ്റിൽ, തീവ്രവാദികൾ പാക്കിസ്ഥാനിലുടനീളം 31 ആക്രമണങ്ങൾ നടത്തി. അതിൽ 37 പേർ കൊല്ലപ്പെടുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.