Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിന്‍ പണം കൊടുത്തു വാങ്ങേണ്ടതില്ലെന്ന തീരുമാനത്തില്‍ പാകിസ്ഥാന്‍

മറ്റു രാജ്യങ്ങള്‍ സംഭാവന ചെയ്യുന്ന കോവിഡ് വാക്‌സിനുകളെ ആശ്രയിച്ച് സ്ഥിതിഗതികളെ നേരിടാമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ദേശീയ ആരോഗ്യ സെക്രട്ടറി അമീര്‍ അഷ്‌റഫ് ഖവാജ പറഞ്ഞു.
 

Pak govt not planning to buy Covid 19 vaccines
Author
Islamabad, First Published Mar 5, 2021, 8:01 PM IST

ഇസ്ലാമബാദ്: കൊവിഡ് വാക്സിന്‍ പണം കൊടുത്തു വാങ്ങേണ്ടതില്ലെന്ന തീരുമാനത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍. സുഹൃദ് രാജ്യങ്ങളായ ചൈനയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്ന് സൗജന്യമായി വാക്‌സിന്‍ ലഭിക്കുമെന്നാണ് പാക്കിസ്ഥാന്‍റെ പ്രതീക്ഷ. അതേസമയം പാക്കിസ്ഥാനില്‍ നിന്നുള്ള സിനോഫാം, കാന്‍സിനോ ബയോ, ഓക്‌സഫഡിന്റെ ആസ്ട്രാസെനക, റഷ്യയുടെ സ്പുട്‌നിക് എന്നീ വാക്‌സിനുകള്‍ക്കായി പാക്കിസ്ഥാന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. 

കോവിഡ് വാക്‌സിന്‍ വാങ്ങനുള്ള പദ്ധതിയൊന്നും പാക്കിസ്ഥാന്‍ സര്‍ക്കാരിനില്ലെന്നും ആര്‍ജിത പ്രതിരോധ ശേഷിയിലൂടെയും മറ്റു രാജ്യങ്ങള്‍ സംഭാവന ചെയ്യുന്ന കോവിഡ് വാക്‌സിനുകളെ ആശ്രയിച്ച് സ്ഥിതിഗതികളെ നേരിടാമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ദേശീയ ആരോഗ്യ സെക്രട്ടറി അമീര്‍ അഷ്‌റഫ് ഖവാജ പറഞ്ഞു.

ചൈനയുടെ കാന്‍സിനോ വാക്‌സിന്റെ ഒറ്റ ഡോസിന് 13 ഡോളറോളം വരും. അതിനാലാണ് മറ്റു രാജ്യങ്ങള്‍ സംഭവനയായി നല്‍കുന്ന വാക്സിനായി കാത്തിരിക്കുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ആമിര്‍ അമര്‍ ഇക്രം പറഞ്ഞു. 

എന്നാല്‍ ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം ഡോസുകള്‍ പാകിസ്ഥാന് കൈമാറി. അതില്‍ 2.75 ലക്ഷം ആരോഗ്യ വിദഗ്ധര്‍ക്കും എത്തിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏഴു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പാക്കിസ്ഥാന്‍ പദ്ധതിയിട്ടുണ്ട്. 

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഓക്‌സ്ഫഡ്-അസ്ട്രാസെനക്കയുടെ കോവിഡ് വാക്‌സിന്റെ 16 ദശലക്ഷം സൗജന്യ ഡോസുകള്‍ ലോകാരോഗ്യ സംഘടന വഴി പാക്കിസ്ഥാന് ലഭ്യമാക്കും എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

Follow Us:
Download App:
  • android
  • ios