ഇന്ത്യയെ കഷ്ണങ്ങളാക്കി വെട്ടിമുറിക്കും എന്നും ഇതേ നേതാവ് ഉർദുവിൽ നടത്തിയ പ്രസംഗത്തിൽ ആക്രോശിക്കുന്നുണ്ട്
പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൻവാ പ്രവിശ്യയിൽ നടന്ന ഒരു റാലിയിൽ വെച്ച് ഖാലിസ്ഥാന് പരസ്യ പിന്തുണ അറിയിച്ചുകൊണ്ട് പാകിസ്ഥാനിലെ യുവ വിദ്യാർത്ഥി നേതാവായ ഷഹീർ സിയാൽവി രംഗത്ത്. ഖാലിസ്ഥാൻ യാഥാർഥ്യമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് പാകിസ്ഥാനിലെ 22 കോടി ജനങ്ങളുടെ പിന്തുണയുണ്ടാകും എന്ന് പ്രഖ്യാപിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ നിന്ന് ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു സന്ദേശം എന്ന മുഖവുരയോടെയാണ് പാകിസ്ഥാനിലെ സ്റ്റേറ്റ് യൂത്ത് പാർലമെന്റിന്റെ പ്രസിഡന്റ് കൂടിയായ ഷഹീർ സിയാൽവി ഈ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഖാലിസ്ഥാൻ രൂപീകരിക്കാൻ വേണ്ടി പ്രവർത്തിക്കും എന്ന ഭീഷണിക്കൊപ്പം തന്നെ, അസം, ഹൈദരാബാദ്, ജൂനാഗഡ്, കശ്മീർ എന്നിവയും സ്വതന്ത്രമാക്കും എന്നും ഇന്ത്യയെ കഷ്ണങ്ങളാക്കി വെട്ടിമുറിക്കും എന്നും ഇതേ നേതാവ് ഉർദുവിൽ നടത്തിയ പ്രസംഗത്തിൽ ആക്രോശിക്കുന്നുണ്ട്. "ഖാൽസാ ഖാലിസ്ഥാന്റേത്, കശ്മീർ പാകിസ്താന്റേത്" എന്ന മുദ്രാവാക്യം മുഴക്കി, അത് കാണികളെക്കൊണ്ട് ഏറ്റു വിളിപ്പിച്ചുകൊണ്ടാണ് ഇയാൾ തന്റെ പ്രകോപനപരമായ പ്രസംഗം അവസാനിപ്പിക്കുന്നത്.
