പാകിസ്ഥാന്‍ നിയമപ്രകാരം രാജ്യത്തലവന്മാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന ഉപഹാരങ്ങള്‍ രാജ്യത്തിന്റെ സ്വത്താണ്(തൊഷാഖാന എന്നാണ് ഇതിനെ പറയുക). 

ഇസ്ലാമാബാദ്: മറ്റുരാജ്യങ്ങളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ പാകിസ്ഥാന്‍ (Pakistan) പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
(Prime Minister Imran Khan) വിറ്റെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. 10 ലക്ഷം ഡോളര്‍ വില വരുന്ന വാച്ച് ഉള്‍പ്പെടെയാണ് വിറ്റതെന്നാണ് ആരോപണം. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ രാജ്യത്തലവന്മാര്‍ സമ്മാനമായി നല്‍കിയ വിലപിടിപ്പുള്ള വസ്തുക്കളാണ് ഇമ്രാന്‍ ഖാന്‍ വിറ്റതെന്ന് പ്രതിപക്ഷ നേതാവ് മറിയം നവാസ് (Maryam nawaz) ആരോപിച്ചു.

പാകിസ്ഥാന്‍ നിയമപ്രകാരം രാജ്യത്തലവന്മാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന ഉപഹാരങ്ങള്‍ രാജ്യത്തിന്റെ സ്വത്താണ്(തൊഷാഖാന എന്നാണ് ഇതിനെ പറയുക). ഇത് സര്‍ക്കാര്‍ വില്‍ക്കുകയോ ലേലം ചെയ്യുകയോ ചെയ്യും. 10000 രൂപയില്‍ താഴെ വിലയുള്ള വസ്തുക്കള്‍ മാത്രമാണ് കൈവശം വെക്കാന്‍ അനുമതിയുള്ളൂവെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

''ഖലീഫ ഒമറിന് സ്വന്തമായി അദ്ദേഹത്തിന്റെ വസ്ത്രം മാത്രമാണുണ്ടായിരുന്നത്. തിങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച രാജ്യത്തിന് അവകാശപ്പെട്ട സമ്മാനങ്ങള്‍ കൊള്ളയടിച്ചു. ആ നിങ്ങള്‍ എങ്ങനെയാണ് മദീന സംസ്ഥാപനത്തെപ്പറ്റി സംസാരിക്കുന്നത്. ഒരു വ്യക്തിക്ക് ഇത്രയും വിവേകമില്ലാത്തയാളായിരിക്കാന്‍ കഴിയുമോ''-മറിയം നവാസ് പറഞ്ഞു. ഇമ്രാന്‍ ഖാന്റെ നടപടി നാണക്കേടാണെന്ന് പ്രതിപക്ഷ സഖ്യമായ പിഡിഎം പ്രസിഡന്റ് മൗലാന ഫസുര്‍ റഹ്മാന്‍ ആരോപിച്ചു. സാമൂഹ്യമാധ്യമങ്ങളിലും ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനം ശക്തമാണ്.

ഗള്‍ഫ് രാജ്യത്തലവനില്‍ നിന്നാണ് ഇമ്രാന്‍ ഖാന് 10 ലക്ഷം ഡോളര്‍ വിലയുള്ള വാച്ച് സമ്മാനമായി ലഭിച്ചത്. ദുബായിലെ അടുത്ത സുഹൃത്തിനാണ് ഈ വാച്ച് വിറ്റതെന്നാണ് ആരോപണം. രാജ്യത്തലവന്മാര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളുടെ വിവരങ്ങള്‍ രഹസ്യമാണെന്നും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രിയുടെ സഹായി പറഞ്ഞു. ഇമ്രാന്‍ ഖാന് ലഭിച്ച ഉപഹാരങ്ങള്‍ തൊഷാഖാനയില്‍ ഭദ്രമാണെന്നും അദ്ദേഹത്തിന് വേണമെങ്കില്‍ അത് പണം കൊടുത്ത് സ്വന്തമാക്കാമെന്നും സഹായി പറഞ്ഞു. പ്രധാനമന്ത്രിക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ മാസം സര്‍ക്കാര്‍ നിരാകരിച്ചിരുന്നു.