ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പഴയകാല ഫോട്ടോ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍റേതാണെന്ന് പറഞ്ഞ് പ്രധാനമന്ത്രിയുടെ സഹായിയുടെ ട്വീറ്റ് വിവാദത്തില്‍. പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍റെ സ്പെഷ്യല്‍ അസിസ്റ്റന്‍റ് നഈം ഉല്‍ ഹഖാണ് കഴിഞ്ഞ ദിവസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഫോട്ടോക്ക് 'പിഎം ഇംമ്രാന്‍ ഖാന്‍ 1969' എന്ന അടിക്കുറിപ്പോടെ ട്വീറ്റ് ചെയ്തത്. ട്വീറ്റിനെ തുടര്‍ന്ന് നഈം ഉല്‍ ഹഖിനെതിരെ വലിയ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു.

ഇങ്ങനെയാണെങ്കില്‍ വിരാട് കോഹ്ലിയുടെ ചെറുപ്പകാലത്തെ ചിത്രം ഇന്‍സമാം ഉള്‍ ഹഖ് 1976 എന്ന് പറഞ്ഞ് ട്വീറ്റ് ചെയ്യുമല്ലോ എന്നായിരുന്നു ഒരാളുടെ കമന്‍റ്. പാകിസ്താന്‍ താരങ്ങളായ മുഹമ്മദ് യൂസുഫ്, യൂനിസ് ഖാന്‍ എന്നിവരുടെ ചിത്രത്തിന് താഴെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി 1987 എന്നായിരുന്നു ഒരാളുടെ കമന്‍റ്. സമാനമായി നിരവധി കമന്‍റുകളാണ് വന്നത്. വിഖ്യാത ഇന്ത്യന്‍ കവി രവീന്ദ്രനാഥ ടാഗോറിന്‍റെ വരികള്‍ ഖലീല്‍ ജിബ്രാന്‍റെ പേരിലാക്കി ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനും വിവാദത്തില്‍പ്പെട്ടിരുന്നു.