തുർക്കിയിലെത്തിയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എർദോഗാനെ കണ്ടത്. ഇന്ത്യയ്‌ക്കെതിരായ സംഘർഷത്തിൽ പാകിസ്ഥാന് ദൃഢമായ പിന്തുണ നൽകിയതിൽ ഷെഹ്ബാസ് എർദോഗാന് നന്ദി പറഞ്ഞു.
ഇസ്തംബൂൾ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന് ശേഷം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി ചർച്ച നടത്തി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. തുർക്കിയിലെത്തിയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എർദോഗാനെ കണ്ടത്. ഇന്ത്യയ്‌ക്കെതിരായ സംഘർഷത്തിൽ പാകിസ്ഥാന് ദൃഢമായ പിന്തുണ നൽകിയതിൽ ഷെഹ്ബാസ് എർദോഗാന് നന്ദി പറഞ്ഞു. എന്റെ പ്രിയ സഹോദരൻ പ്രസിഡന്റ് റെസെപ് തയിപ്പ് എർദോഗനെ ഇസ്താംബൂളിൽ വെച്ച് കാണാൻ ഭാഗ്യം ലഭിച്ചു. അടുത്തിടെയുണ്ടായ പാകിസ്ഥാൻ-ഇന്ത്യ സംഘർഷത്തിൽ പാകിസ്ഥാന് നൽകിയ ദൃഢമായ പിന്തുണയ്ക്ക് നന്ദി- എന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി എക്‌സിൽ എഴുതി.
വ്യാപാരത്തിലും നിക്ഷേപത്തിലുമടക്കം ബഹുമുഖ ഉഭയകക്ഷി ഇടപെടലുകളുടെ പുരോഗതി അവലോകനം ചെയ്തു. സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും അചഞ്ചലമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ നടപടി സ്വീകരിക്കും. പാകിസ്ഥാൻ തുർക്കി സൗഹൃദം നീണാൾ വാഴട്ടെയെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ്ജം, വ്യാപാരം, ഗതാഗതം, പ്രതിരോധ മേഖലകളിൽ ശക്തിപ്പെടുത്തുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് തുർക്കി പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കൽ, ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ മേഖലകളിൽ തുർക്കിയും പാകിസ്ഥാനും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യം എർദോഗൻ ഊന്നിപ്പറഞ്ഞു. മേഖലാ സ്ഥിരത ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടൽ, സാങ്കേതിക പിന്തുണ എന്നിവയിൽ ഐക്യദാർഢ്യം വർദ്ധിപ്പിക്കേണ്ടത് തുർക്കിയുടെയും പാകിസ്ഥാന്റെയും താൽപ്പര്യമാണെന്നും ഓഫീസ് പറഞ്ഞു.
തുർക്കിയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. ഏറ്റുമുട്ടലുകളിൽ പാകിസ്ഥാൻ തുർക്കി നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയും കടുത്ത നടപടി സ്വീകരിച്ചിരുന്നു. സംഘർഷത്തിനിടെ പാകിസ്ഥാനിലേക്ക് ആയുധങ്ങളൊന്നും അയച്ചിട്ടില്ലെന്ന് തുർക്കി അറിയിച്ചു. തുർക്കിയും പാകിസ്ഥാനും തമ്മിൽ അഞ്ച് ബില്യൺ ഡോളർ വ്യാപാരം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള നടപടികൾ തുടരുമെന്നും തുർക്കിയിലെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.


