ജലപ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ പാക് ജനത വിശന്ന് മരിക്കേണ്ടി വരുമെന്ന് തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടി സെനറ്റർ സയ്യിദ് അലി സഫർ
ഇസ്ലാമാബാദ്: സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷമുള്ള ജലപ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ പാക് ജനത വിശന്ന് മരിക്കേണ്ടി വരുമെന്ന് തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടി സെനറ്റർ സയ്യിദ് അലി സഫർ. ഇന്ത്യയുടെ 'ജലബോംബ്' നിർവീര്യമാക്കണമെന്ന് ഷഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനോട് പാക് സെനറ്റർ ആവശ്യപ്പെട്ടു.
പത്തിൽ ഒരാൾ സിന്ധു നദീജല സംവിധാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് സയ്യിദ് അലി സഫർ ചൂണ്ടിക്കാട്ടി. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയൊരു വിഭാഗം ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
"ഈ ജലപ്രതിസന്ധി ഇപ്പോൾ പരിഹരിച്ചില്ലെങ്കിൽ, നമുക്ക് വിശന്ന് മരിക്കാം. കാരണം, സിന്ധു നദീതടം നമ്മുടെ ജീവരേഖയാണ്. നമ്മുടെ വെള്ളത്തിന്റെ മൂന്നിൽ നാല് ഭാഗവും രാജ്യത്തിന് പുറത്തുനിന്നാണ് വരുന്നത്. ഓരോ പത്തിൽ ഒമ്പത് പേരും അന്താരാഷ്ട്ര അതിർത്തി തടങ്ങളെ അടിസ്ഥാനമാക്കിയാണ് ജീവിതം നയിക്കുന്നത്. നമ്മുടെ വിളകളുടെ 90 ശതമാനം ഈ വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു. എല്ലാ വൈദ്യുത പദ്ധതികളും അണക്കെട്ടുകളും ഈ വെള്ളത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് ഇത് നമ്മുടെ മേൽ തൂങ്ങിക്കിടക്കുന്ന ജലബോംബ് പോലെയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. നമ്മൾ അത് നിർവീര്യമാക്കണം"- പാക് സെനറ്റർ വിശദീകരിച്ചു.
രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല എന്ന കനത്ത താക്കീത് നൽകിയാണ് ഇന്ത്യ സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചത്. 26 ഇന്ത്യൻ പൗരന്മാരെ കൂട്ടക്കുരുതി ചെയ്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ഇത്.
അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ പാകിസ്ഥാന് കർശനമായ സന്ദേശം നൽകുന്നതിനാണ് ഈ നടപടികൾ സ്വീകരിച്ചത്. പിന്നാലെ ഓപ്പറേഷൻ സിന്ദൂറിന് ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയിൽ പുനരാലോചനയുണ്ടായിട്ടില്ല.
അതിനിടെ ഖൈബർ പക്തൂൻഖ്വയിൽ മൊഹ്‍മന്ത് എന്ന അണക്കെട്ടിന്‍റെ നിർമാണം വേഗത്തിലാക്കാൻ ചൈന തീരുമാനിച്ചു. നിർമാണം അടുത്ത വർഷം പൂർത്തിയാക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ പാകിസ്ഥാനിലെ ജനപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കമ്മിഷനിങ് വേഗത്തിലാക്കാനാണ് തീരുമാനം. അണക്കെട്ടിൽ കോൺക്രീറ്റ് നിറയ്ക്കൽ ആരംഭിച്ചതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ഇത് ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിലെ നിർണായക ഘട്ടമാണെന്ന് വിലയിരുത്തപ്പെടുന്നു.
ചൈനീസ് പൊതുമേഖലാ സ്ഥാപനമായ ചൈന എനർജി എൻജിനിയറിങ് കോർപ്പറേഷനാണ്, മൊഹ്‍മന്ത് ജലവൈദ്യുത പദ്ധതിയുടെ നിർമാണം നടത്തുന്നത്. 800 മെഗാവാട്ട് വൈദ്യുതി ഉത്പാദനം, പെഷാവറിലേക്ക് പ്രതിദിനം 30 കോടി ഗാലൺ കുടിവെള്ളം, ജലസേചനം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.


