ദില്ലി: കശ്മീർ വിഷയം യുഎൻ രക്ഷാസമിതിയിൽ ഉന്നയിക്കാനുള്ള പാകിസ്ഥാൻ്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തു. ഭീകരരെ സംരക്ഷിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് പാകിസ്ഥാന്‍റെ നീക്കമെന്ന് രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു.

ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയതിന് ശേഷം ചൈനീസ് പിന്തുണയോടെ വിഷയം യുഎന്നിൽ ഉന്നയിക്കാനുള്ള പാകിസ്ഥാന്‍റെ മൂന്നാമത്തെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. അനൗദ്യോഗിക ചർച്ചയാണ് ബുധനാഴ്ച ന്യൂയോർക്കിൽ നടന്നെതെന്നാണ് റിപ്പോർട്ട്. പാക് വിദേശകാര്യമന്ത്രി ഐക്യരാഷ്ട്ര സഭയ്ക്ക് നൽകിയ കത്തിന്മേലാണ് ചർച്ച നടന്നതെന്ന് ചൈനീസ് അംബാസിഡർ  പ്രതികരിച്ചു.  കശ്മീർ വിഷയം ചർച്ച ചെയ്യണ്ട വേദി യുഎൻ അല്ല എന്ന നിലപാടാണ് മറ്റ് രാജ്യങ്ങളുടെ പ്രതിനിധികൾ സ്വകീരിച്ചതെന്നാണ് റിപ്പോർ‍ട്ട്. വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കാനുള്ള പാക് നീക്കത്തിന് ഇതോടെ വീണ്ടും തിരിച്ചടിയേറ്റു.