Asianet News MalayalamAsianet News Malayalam

അപേക്ഷിക്കുന്നവർക്ക് പാസ്‍പോർട്ട് നൽകാനാവാതെ പാകിസ്ഥാൻ അധികൃതർ; കാത്തിരിപ്പ് എന്നുവരെയെന്നറിയാതെ നാട്ടുകാരും

2013ലും സമാനമായ തരത്തില്‍ ഒരു പാസ്‍പോര്‍ട്ട് പ്രതിസന്ധി പാകിസ്ഥാന്‍ നേരിട്ടിരുന്നു. ഇപ്പോള്‍ നിരവധിപ്പേരാണ് രാജ്യത്ത് പാസ്‍പോര്‍ട്ട് കാത്തിരിക്കുന്നത്. 

Pakistan authorities unable to issue passports to applicants due to a bizarre reason afe
Author
First Published Nov 10, 2023, 11:46 AM IST | Last Updated Nov 10, 2023, 11:46 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പുതിയ പാസ്‍പോര്‍ട്ട് അപേക്ഷകര്‍ നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യമായി പാസ്പോര്‍ട്ടുകള്‍ എടുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കും പഴയ പാസ്‍പോര്‍ട്ടുകള്‍ പുതുക്കി പുതിയത് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാസ്‍പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാറിന് സാധിക്കാത്തതിന്റെ കാരണം രാജ്യത്ത് ലാമിനേഷന്‍ പേപ്പറിന് നേരിടുന്ന ക്ഷാമമാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പഠനത്തിനും ജോലിക്കും വിനോദ യാത്രകള്‍ക്കുമൊക്കെയായി വിദേശത്തേക്ക് പറക്കാന്‍ കാത്തു നില്‍ക്കുന്ന പതിനായിരങ്ങളുടെ യാത്ര ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണത്രെ.

പാസ്‍പോര്‍ട്ട് തയ്യാറാക്കുന്ന ലാമിനേഷന്‍ പേപ്പറിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും രാജ്യത്തെ എല്ലായിടത്തും പാസ്‍പോര്‍ട്ട് വിതരണം മുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയിലേക്കും ഇറ്റലിയിലേക്കുമൊക്കെ പഠന ആവശ്യാര്‍ത്ഥം പോകാനിരിക്കുന്നവര്‍ക്ക് വിസാ നടപടികള്‍ പൂര്‍ത്തിയായിട്ടും പാസ്‍പോര്‍ട്ടും കിട്ടാത്തത് കൊണ്ടുള്ള ദുരിതം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയാണ്. എന്ന് കിട്ടുമെന്ന് പോലും ഉറപ്പ് പറയാനാവാത്ത കാത്തിരിപ്പ് തങ്ങളുടെ വിദേശ പഠന അവസരം തന്നെ കളഞ്ഞേക്കുമെന്ന പേടിയും നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കുവെയ്ക്കുന്നുണ്ട്.

ഇറ്റലിയിലേക്ക് സ്റ്റുഡന്റ് വിസ കിട്ടി ഒക്ടോബറില്‍ തന്നെ അവിടെ എത്തേണ്ടിയിരുന്ന 'ഹിറ' എന്ന വിദ്യാര്‍ത്ഥിനിയുടെ യാത്ര പാസ്‍പോര്‍ട്ട് കിട്ടാത്തത് കൊണ്ട് മുടങ്ങിയ സംഭവം എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ തരത്തില്‍ 2013ലും പാകിസ്ഥാനില്‍ പാസ്‍പോര്‍ട്ട് പ്രതിസന്ധി നേരിട്ടിരുന്നു. ലാമിനേഷന്‍ പേപ്പര്‍ ലഭ്യമാവാത്തതിന് പുറമെ പാസ്‍പോര്‍ട്ട് അച്ചടിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഭീമമായ തുകയുടെ ബാധ്യത വന്നതും അന്നത്തെ പ്രതിസന്ധികള്‍ക്ക് കാരണമായിരുന്നു. ഫ്രാന്‍സില്‍ നിന്നാണ് പാകിസ്ഥാന്‍ ലാമിനേഷന്‍ പേപ്പറുകള്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നത്.

അതേസമയം പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുമെന്നാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സാധ്യമാവുന്ന വേഗത്തില്‍ പ്രതിസന്ധി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മീഡിയ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖാദിര്‍ യാര്‍ തിവാന പറഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നും സാധാരണ പോലെ പാസ്‍പോര്‍ട്ട് വിതരണം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പാസ്‍പോര്‍ട്ട് അപേക്ഷകള്‍ നല്‍കി നടപടികളും പൂര്‍ത്തിയാക്കിയ ശേഷം പാസ്‍പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും വന്ന് കൈപ്പറ്റണമെന്നും അറിയിച്ചുകൊണ്ട് മെസേജുകള്‍ ലഭിക്കുന്നുണ്ട്. അതും കണ്ട് ഓഫീസുകളില്‍ എത്തുന്നവരെ അധികൃതര്‍ മടക്കി അയക്കുകയാണ് ഇപ്പോള്‍. ഒരാഴ്ചയ്ക്കകം പാസ്‍പോര്‍ട്ട് കിട്ടുമെന്ന് സെപ്റ്റംബര്‍ മാസം മുതല്‍ ഉദ്യോഗസ്ഥര്‍ പറയുകയാണെന്നും ആളുകള്‍ പ്രതികരിച്ചു. നേരത്തെ പ്രതിദിനം 3000 മുതല്‍ 4000 വരെ പാസ്‍പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പത്തോ പന്ത്രണ്ടോ എണ്ണം മാത്രമാണ് നല്‍കുന്നതെന്ന് പെഷവാറിലെ പാസ്‍പോര്‍ട്ട് ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios