Asianet News MalayalamAsianet News Malayalam

'ഇന്ത്യ ചന്ദ്രനിലെത്തി, ജി20ക്ക് ആതിഥ്യം വഹിച്ചു, പാകിസ്ഥാൻ ഇപ്പോഴും ഭിക്ഷ യാചിക്കുന്നു'; വിമർശനവുമായി ഷെരീഫ്

അടൽ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോൾ ഒരു ബില്യൺ ഡോളർ മാത്രമായിരുന്നു ഇന്ത്യയുടെ വിദേശനാണ്യ ശേഖരം. എന്നാൽ ഇപ്പോൾ 600 ബില്യൺ ഡോളറായി ഉയർന്നു.

Pakistan Begging Before The World While India Reached Moon, says Nawaz Sharif
Author
First Published Sep 20, 2023, 11:32 AM IST

ലാഹോർ: ഇന്ത്യ ചന്ദ്രനിൽ എത്തുകയും ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുമ്പോൾ തങ്ങളുടെ രാജ്യം ലോക രാജ്യങ്ങൾക്ക് മുന്നിൽ യാചിക്കുകയാണെന്ന് പാകിസ്ഥാന്റെ  മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാകിസ്ഥാന്റെ സാമ്പത്തിക തകർച്ചക്ക് അദ്ദേഹം രാജ്യത്തെ മുൻ ജനറൽമാരെയും ജഡ്ജിമാരെയും കുറ്റപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ കുറേ വർഷങ്ങളായി പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ താഴേക്കാണ്. പണപ്പെരുപ്പത്തിന്റെ രൂപത്തിൽ പാവപ്പെട്ട ജനങ്ങളിൽ സമ്മർദ്ദം ചെലുത്തുന്ന അവസ്ഥയാണിപ്പോൾ. ഇന്ത്യ ചന്ദ്രനിൽ എത്തുകയും ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുമ്പോൾ പാകിസ്ഥാൻ പ്രധാനമന്ത്രി രാജ്യങ്ങൾ തോറും ഭിക്ഷ യാചിക്കുന്നു. എന്തുകൊണ്ട് പാകിസ്ഥാന് ഇന്ത്യ ചെയ്ത നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞില്ല. ആരാണ് ഇവിടെ ഇതിന് ഉത്തരവാദിയെന്നും ഷെറീഫ് ചോദിച്ചു.  തിങ്കളാഴ്ച ലണ്ടനിൽ നിന്ന് വീഡിയോ ലിങ്ക് വഴി ലാഹോറിൽ പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

അടൽ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോൾ ഒരു ബില്യൺ ഡോളർ മാത്രമായിരുന്നു ഇന്ത്യയുടെ വിദേശനാണ്യ ശേഖരം. എന്നാൽ ഇപ്പോൾ 600 ബില്യൺ ഡോളറായി ഉയർന്നു. അതേസമയം, പാകിസ്ഥാൻ ഇപ്പോഴും യാചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ രാഷ്ട്രീയ പ്രചാരണത്തിന് നേതൃത്വം നൽകുന്നതിനായി ഒക്‌ടോബർ 21 ന് രാജ്യത്തേക്ക് മടങ്ങുമെന്ന് ഷെരീഫ് ആദ്യമായി പ്രഖ്യാപിച്ചു.

2019 നവംബറിലാണ് അൽഅസീസിയ മിൽ അഴിമതിക്കേസിൽ ഏഴുവർഷത്തെ ജയിൽശിക്ഷ അനുഭവിക്കുന്ന ഷരീഫിനെ മെഡിക്കൽ കാരണങ്ങളാൽ രാജ്യം വിടാൻ അനുവദിച്ചത്. ലാഹോറിലേക്ക് എത്തുന്നതിന് മുമ്പ് അദ്ദേഹത്തിന് ജാമ്യം ഉറപ്പാക്കുമെന്ന് പിഎംഎൽ-എൻ ആവശ്യപ്പെട്ടു. തിരിച്ചുവരവിൽ ചരിത്രപരമായ സ്വീകരണമാണ് അദ്ദേഹത്തിനായി ഒരുക്കകയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായ ഐഎംഎഫ് 1.2 ബില്ല്യൺ ഡോളർ സാമ്പത്തിക സഹായം നൽകിയതിന് പിന്നാലെയാണ് ഷെറീഫിന്റെ വിമർശനം. 

Follow Us:
Download App:
  • android
  • ios