സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയും ഭീകരർക്ക് അഭയം നൽകുകയും ചെയ്യുന്ന പാകിസ്ഥാൻ, മനുഷ്യാവകാശ വേദി ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്ത്യൻ പ്രതിനിധി ക്ഷിതിജ് ത്യാഗി വിമർശിച്ചു.
ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാന് ചുട്ടമറുപടി നൽകി ഇന്ത്യ. ഇന്ത്യൻ പ്രതിനിധി ക്ഷിതിജ് ത്യാഗി പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന പാകിസ്ഥാൻ, ഇന്ത്യക്കെതിരെ മനുഷ്യാവകാശ കൗൺസിൽ വേദി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുഎൻഎച്ച്ആർസി സെഷനിലെ അജണ്ട 4-ൽ സംസാരിക്കുകയായിരുന്നു 2012 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ത്യാഗി. പാകിസ്ഥാന്റെ ഇടപെടലുകളെ ഇന്ത്യക്കെതിരെയുള്ള അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പ്രസ്താവനകൾ എന്ന് അദ്ദേഹം തള്ളിക്കളഞ്ഞു.
"ഞങ്ങളുടെ ഭൂമിയിൽ കണ്ണുവെയ്ക്കുന്നതിന് പകരം, അവർ നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ള ഇന്ത്യയുടെ ഭൂമി ഒഴിയണം. എന്നിട്ട് വെന്‍റിലേറ്ററിലായ സ്വന്തം സമ്പദ്‌വ്യവസ്ഥയും സൈനിക മേധാവിത്വം അടിച്ചമർത്തുന്ന രാഷ്ട്രീയവും കളങ്കപ്പെട്ട മനുഷ്യാവകാശങ്ങളും ശ്രദ്ധിക്കുന്നതാണ് അവർക്ക് നല്ലത്. ഒരുപക്ഷേ ഭീകരവാദം കയറ്റുമതി ചെയ്യുന്നതിൽ നിന്നും ഐക്യരാഷ്ട്രസഭ വിലക്കിയ ഭീകരർക്ക് അഭയം നൽകുന്നതിൽ നിന്നും സ്വന്തം ജനങ്ങളെ ബോംബിടുന്നതിൽ നിന്നും വിട്ടുനിന്നാൽ അവർക്ക് ഇതൊക്കെ ചെയ്യാൻ സാധിക്കും"- ക്ഷിതിജ് ത്യാഗി വിശദീകരിച്ചു.
പാകിസ്ഥാൻ വ്യോമസേന തിരാഹ് താഴ്വരയിലെ മാട്രെ ദാരാ ഗ്രാമത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 സാധാരണക്കാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ ശക്തമായ പ്രതികരണം. ഇവിടെ നിന്നും കത്തിനശിച്ച വാഹനങ്ങളുടെയും തകർന്ന കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തതായി പ്രദേശവാസികൾ പറഞ്ഞു. ചൈനീസ് നിർമിത ജെ-17 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് എട്ട് ചൈനീസ് നിർമിത എൽഎസ്-6 ബോംബുകളാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രാമീണർക്ക് നേരെ വർഷിച്ചത്. ഇക്കാര്യമാണ് ഇന്ത്യ ചൂണ്ടിക്കാട്ടിയത്.


