ഏപ്രില്‍ 9, 10 തീയതികളിലാണ് ഇസ്ലാമാബാദില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഇവിടെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമബാദിലെ ചില മേഖലകളില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തി.

ഇസ്‌ലാമബാദ്: ഇറാന്‍ യുദ്ധത്തിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ തുടര്‍ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ പാക്കിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമബാദില്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 9, 10 തീയതികളിലാണ് ഇസ്ലാമാബാദില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഇവിടെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമബാദിലെ ചില മേഖലകളില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തി.

ലോകം ഉറ്റുനോക്കുന്ന ചര്‍ച്ചയില്‍ അമേരിക്ക, ഇറാന്‍ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പാക്കിസ്താന്‍ അറിയിച്ചത്. ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍, ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത എന്നീ പ്രശ്‌നങ്ങളില്‍ തട്ടി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നത്. വെള്ളിയും ശനിയുമാണ് ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കുക.

ബുധനാഴ്ച വൈകിയാണ് ഇസ്ലാമാബാദ് ജില്ലാ ഭരണകൂടം അവധി വിജ്ഞാപനം പുറപ്പെടുവിച്ചത്. അവധിക്ക് പ്രത്യേക കാരണങ്ങളൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍, ഉന്നതതല നയതന്ത്ര പരിപാടികള്‍ക്ക് മുന്നോടിയായി സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പാക് തലസ്ഥാനത്ത് അവധിയോ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തുന്നത് പതിവാണ്.

സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി അമേരിക്കയില്‍നിന്നും 30 അംഗ സംഘം ഇതിനകം ഇസ്ലാമാബാദില്‍ എത്തിയതായി പാക്കിസ്താനിലെ 'ഡോണ്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു. യുഎസ്, ഇറാന്‍ പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലെത്തുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചു. ചര്‍ച്ചക്ക് മുന്നോടിയായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി ഷെരീഫ് ഫോണ്‍ സംഭാഷണം നടത്തിയിരുന്നു.

വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആയിരിക്കും അമേരിക്കന്‍ പ്രതിനിധി സംഘത്തെ നയിക്കുകയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. ഒമാന്റെ മുന്‍കൈയില്‍ നേരത്തെ നടന്ന സമാധാന ചര്‍ച്ചകളില്‍ അമേരിക്കയെ പ്രതിനിധീകരിച്ച സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നര്‍ എന്നിവരും സംഘത്തിലുണ്ടാകും. ഇറാന്‍ സംഘത്തിന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ ബാഗര്‍ ഘാലിബാഫ് എന്നിവര്‍ നേതൃത്വം നല്‍കും.