ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍, ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത എന്നീ പ്രശ്‌നങ്ങളില്‍ തട്ടി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ചകള്‍
ഇസ്‌ലാമബാദ്: 39 ദിവസം നീണ്ടുനിന്ന ഇറാന്‍ യുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ തുടര്‍ചര്‍ച്ചകള്‍ നാളെ പാക്കിസ്താനില്‍ തുടങ്ങും. ലോകം ഉറ്റുനോക്കുന്ന ചര്‍ച്ചയില്‍ അമേരിക്ക, ഇറാന്‍ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പാക്കിസ്താന്‍ അറിയിച്ചത്. ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍, ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത എന്നീ പ്രശ്‌നങ്ങളില്‍ തട്ടി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നത്. വെള്ളിയും ശനിയുമാണ് ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കുക.
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി അമേരിക്കയില്‍നിന്നും 30 അംഗ സംഘം ഇതിനകം ഇസ്ലാമാബാദില്‍ എത്തിയതായി പാക്കിസ്താനിലെ 'ഡോണ്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു. യുഎസ്, ഇറാന്‍ പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലെത്തുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചു. ചര്‍ച്ചക്ക് മുന്നോടിയായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി ഷെരീഫ് ഫോണ്‍ സംഭാഷണം നടത്തിയിരുന്നു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആയിരിക്കും അമേരിക്കന്‍ പ്രതിനിധി സംഘത്തെ നയിക്കുകയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. ഒമാന്റെ മുന്‍കൈയില്‍ നേരത്തെ നടന്ന സമാധാന ചര്‍ച്ചകളില്‍ അമേരിക്കയെ പ്രതിനിധീകരിച്ച സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നര്‍ എന്നിവരും സംഘത്തിലുണ്ടാകും. ഇറാന്‍ സംഘത്തിന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ ബാഗര്‍ ഘാലിബാഫ് എന്നിവര്‍ നേതൃത്വം നല്‍കും.
സദുദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ച് കരാറിലെത്താനാണ് തന്നോട് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടതെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് അക്ഷമനാണെന്നും ചര്‍ച്ചയില്‍ പുരോഗതി കൈവരിക്കാന്‍ തിടുക്കം കാണിക്കുന്നതായും വാന്‍സ് പറഞ്ഞു. ഇറാന്‍ സുമനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ കരാറിലെത്താനാവും എന്നാണ് കരുതുന്നതെന്നും വാന്‍സ് പറഞ്ഞു.
കീറാമുട്ടിയായി അഭിപ്രായവ്യത്യാസ വ്യത്യാസങ്ങള്‍
യുദ്ധത്തിന്റെ 39-ാം ദിവസം ഏറെ വൈകിയാണ് പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇറാന്‍ മുന്നോട്ടുവെച്ച പത്തിന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചകള്‍ക്കുള്ള പൊതുവായ ചട്ടക്കൂടായി അമേരിക്ക അംഗീകരിക്കുകയും ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാന്‍ സമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സമാധാന നീക്കം ഫലപ്രാപ്തിയിലെത്തിയത്.
നയതന്ത്രപരമായ പുരോഗതി ഉണ്ടെങ്കിലും, ചര്‍ച്ചകള്‍ക്ക് മുന്നില്‍ വലിയ തടസ്സങ്ങളുണ്ടെന്നതാണ് വാസ്തവം. പ്രധാന വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഇപ്പോഴും രൂക്ഷമാണ്. ആണവ വസ്തുക്കള്‍ നീക്കം ചെയ്യലും യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള നിയന്ത്രണങ്ങളും ഉള്‍പ്പെടെ ഇറാന്റെ ആണവ പരിപാടിക്ക് പരിധി നിശ്ചയിക്കാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്താനാണ് സാധ്യത. എന്നാല്‍, ഉപരോധങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുക, ആണവ അവകാശങ്ങള്‍ അംഗീകരിക്കുക, യുദ്ധനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുന്നു. കൂടാതെ, വെടിനിര്‍ത്തലിന്റെ വ്യാപ്തിയെക്കുറിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ലെബനന്‍ വിഷയത്തില്‍. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവും ഗതാഗതവുമാണ് മറ്റൊരു കീറാമുട്ടി. ഇരുപക്ഷവും തമ്മില്‍ ആഴത്തിലുള്ള അവിശ്വാസവും നിലനില്‍ക്കുന്നുണ്ട്.
വെടിനിര്‍ത്തലും ആശയക്കുഴപ്പങ്ങളും
ദിവസങ്ങളോളം നീണ്ടുനിന്ന വാക്‌പോരുകള്‍ക്കും വെല്ലുവിളികള്‍ക്കും ശേഷമാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചയിലേക്ക് ഇരു രാജ്യങ്ങളും എത്തിയത്. ഇറാന്റെ ആണവ പദ്ധതികള്‍, മിസൈല്‍ ശേഷി, പ്രാദേശിക സഖ്യങ്ങള്‍ എന്നിവയ്ക്കുമേല്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്ന അമേരിക്കയുടെ 15 നിര്‍ദേശങ്ങള്‍ ഇറാന്‍ നേരത്തെ നിരസിച്ചിരുന്നു. ഇതിനുപകരം, 10 നിര്‍ദേശങ്ങള്‍ ഇറാന്‍ മുന്നോട്ടുവെച്ചു. പുതിയ അധിനിവേശങ്ങള്‍ അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശം അംഗീകരിക്കുക, യുഎസ് ഉപരോധങ്ങള്‍ അവസാനിപ്പിക്കുക, ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ റദ്ദാക്കുക, യുദ്ധനാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മേഖലയില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കുക, ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും ശത്രുത അവസാനിപ്പിക്കുക എന്നിവയായിരുന്നു ഇറാന്റെ പ്രധാന ആവശ്യങ്ങള്‍.
അതിനിടെ, ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തുറന്നില്ലെങ്കില്‍ ഒറ്റ രാത്രികൊണ്ട് ഇറാന്റെ നാഗരികതയെ ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ട്രംപ് ചൊവ്വാഴ്ച രാത്രി പരസ്യമായി ഭീഷണി മുഴക്കി. തുടര്‍ന്ന് പാക്കിസ്താന്‍ ഇരുവിഭാഗങ്ങളുമായും സംസാരിക്കുകയും താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന് ധാരണയാവുകയുമായിരുന്നു. അമേരിക്കയും ഇറാനും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമായി, ഇസ്രായേല്‍ ലെബനനെതിരായ ആക്രമണം തുടര്‍ന്നത് കരാറിനെ പ്രതിസന്ധിയിലായി. ലെബനനിലെ ആക്രമണങ്ങള്‍ക്ക് പുറമെ, ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലയുള്‍പ്പെടെ ഇസ്രായേല്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു. അതിനിടെ, യുഎഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഊര്‍ജ്ജ-വൈദ്യുതി നിലയങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങളുണ്ടായതായും വാര്‍ത്തകളുണ്ടായി. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിനും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പറയപ്പെടുന്നു. തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ ഇറാന്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്ക, ഇസ്രായേല്‍ എന്നിവിടങ്ങളുമായി ബന്ധമുള്ള കപ്പലുകള്‍ ഇറാന്‍ തടഞ്ഞു. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇടങ്ങളിലും വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായി പാലിച്ചാല്‍ മാത്രമേ ജലപാത വീണ്ടും തുറക്കൂ എന്നും ഇറാന്‍ സൂചന നല്‍കി.
അതിനിടെ, വെടിനിര്‍ത്തല്‍ കരാറില്‍ ലെബനന്‍ ഉള്‍പ്പെടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് മാത്രമാണ് വെടിനിര്‍ത്തല്‍ ബാധകമെന്നാണ് പ്രസ് സെക്രട്ടറി വ്യക്തമാക്കിയത്. എന്നാല്‍ ഈ വ്യാഖ്യാനം ഇറാന്‍ തള്ളി. ഭാഗികമായ വെടിനിര്‍ത്തല്‍ അംഗീകരിക്കാനാവില്ലെന്നും ലംഘനങ്ങള്‍ തുടര്‍ന്നാല്‍ തക്ക മറുപടി നല്‍കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടയില്‍ ഹിസ്ബുല്ലയും നിലപാട് വ്യക്തമാക്കി. തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറണമെന്ന് അവര്‍ അന്ത്യശാസനം നല്‍കി. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്ന് ഹിസ്ബുല്ല ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ വെടിനിര്‍ത്തലില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഈ പശ്ചാത്തലത്തിലാണ്, വീണ്ടും ഇരു പക്ഷങ്ങളും ചര്‍ച്ചയ്ക്ക് ഒന്നിച്ചിരിക്കുന്നത്.


