ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തിയിലെ നിയന്ത്രണം ആഗസ്റ്റ് 24 വരെ നീട്ടി.
ലാഹോർ: പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിടുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി. ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകൾക്കാണ് നിയന്ത്രണം. വ്യോമാതിർത്തി അടച്ചിടുന്നത് ആഗസ്റ്റ് 24 വരെ നീട്ടിയതായി പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി (പിഎഎ) അറിയിച്ചു.
വെള്ളിയാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:50 ന് പ്രാബല്യത്തിൽ വന്ന നോട്ടാം (വിമാന ജീവനക്കാർക്കുള്ള അറിയിപ്പ്) പ്രകാരം, ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന സർവീസുകൾക്കും ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ സൈനിക, സിവിലിയൻ വിമാനങ്ങൾക്കും പാകിസ്ഥാന്‍റെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കില്ല. ആഗസ്റ്റ് 24 ന് പുലർച്ചെ 5:19 വരെ നിരോധനം നിലനിൽക്കുമെന്ന് പിഎഎ അറിയിച്ചു.
ഏപ്രിൽ 22 ന് 26 കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഏപ്രിൽ 30 ന് പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപാതയിൽ പ്രവേശനമില്ലെന്ന് വ്യക്തമാക്കി. പിന്നീട് ജൂലൈ 24 വരെ എല്ലാ പാകിസ്ഥാൻ വിമാനങ്ങളെയും ഇന്ത്യൻ വ്യോമ പാതയിൽ നിന്ന് വിലക്കി. ഇന്ത്യൻ വിമാനങ്ങൾക്ക് പ്രവേശനമില്ലെന്ന് പാകിസ്ഥാൻ ആദ്യം വ്യക്തമാക്കിയത് ഏപ്രിൽ 24നാണ്, പിന്നീട് നിയന്ത്രണം നീട്ടുകയായിരുന്നു. അതിനിടെ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത് പാകിസ്ഥാന് തിരിച്ചടിയായി. ജലം തടഞ്ഞാൽ യുദ്ധം എന്നായിരുന്നു പാകിസ്ഥാന്റെ ഭീഷണി. എന്നാൽ കരാർ പുനസ്ഥാപിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഒരാഴ്ചത്തെ കണക്കെടുത്താൽ, പാകിസ്ഥാന്‍റെ വ്യോമപാത ലഭ്യമല്ലാത്തതിനാൽ ഇന്ത്യൻ വിമാന കമ്പനികളുടെ 800 സർവീസുകൾ കൂടുതൽ സമയം എടുക്കുന്നു എന്നാണ് റിപ്പോർട്ട്. യാത്രാ ദൈർഘ്യം കൂടുന്നതിനൊപ്പം ഇന്ധനച്ചെലവും വർദ്ധിക്കുന്നു. വടക്കേ ഇന്ത്യയിൽ നിന്ന് പശ്ചിമേഷ്യ, യൂറോപ്പ്, യുകെ, വടക്കേ അമേരിക്കയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യൻ വിമാനങ്ങൾ പതിവ് റൂട്ടുകളിൽ നിന്ന് മാറി ദൈർഘ്യമേറിയ പാതകളിലൂടെയാണ് ഇപ്പോൾ പോകുന്നത്. ഇതോടെ 15 മിനിറ്റ് മുതൽ മണിക്കൂറുകൾ വരെ യാത്രാ സമയം കൂടുന്ന സ്ഥിതിയാണ്.
ദില്ലി, അമൃത്സർ, ജയ്പൂർ, ലക്നൌ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്ന വിമാനങ്ങളെയാണ് പ്രധാനമായും ബാധിച്ചിട്ടുള്ളത്. ഇൻഡിഗോ, എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികൾ സമയ ദൈർഘ്യവും ഇന്ധന ചെലവും കാരണം ചില സർവീസുകൾ റദ്ദാക്കി.
