പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. വലതുകണ്ണിന്റെ കാഴ്ച 85 ശതമാനത്തോളം നഷ്ടപ്പെട്ടുവെന്നും ജയിൽ അധികൃതർ ചികിത്സ നിഷേധിക്കുകയാണെന്നും കോടതി നിയോഗിച്ച അഭിഭാഷകൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഇസ്ലാമാബാദ്: ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന റിപ്പോർട്ട് പുറത്ത്. അഡിയാല ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടുവെന്നും ജയിൽ അധികൃതർ ബോധപൂർവ്വം ഇമ്രാൻ ഖാന് ചികിത്സ നിഷേധിക്കുകയാണെന്നും കോടതി നിയോഗിച്ച അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പാക് സൈനിക ഭരണകൂടത്തിന്റെ ഒത്താശയോടെ മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ പെരുമാറ്റമാണ് ഇമ്രാൻ ഖാനോട് കാണിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സൽമാൻ സഫ്ദർ തയ്യാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 2025 ഒക്ടോബർ വരെ തനിക്ക് രണ്ട് കണ്ണുകളിലും സാധാരണ കാഴ്ചശക്തി ഉണ്ടായിരുന്നതായി ഇമ്രാൻ ഖാൻ പറഞ്ഞതായാണ് റിപ്പോട്ടിലെ പരാമർശം. എന്നാൽ അതിനുശേഷം വലതുകണ്ണിൽ കാഴ്ച മങ്ങുന്നതായി പലതവണ ജയിൽ അധികൃതരെ അറിയിച്ചെങ്കിലും അവർ ചികിത്സ നൽകാൻ തയ്യാറായില്ല. വലതുകണ്ണിൽ രക്തം കട്ടപിടിച്ച് കാഴ്ചശക്തി കുറയുകയായിരുന്നു. ഏകാന്ത തടവിൽ കഴിയുന്ന ഇമ്രാൻ ഖാന് നേരത്തെ കുടുംബാംഗങ്ങളെയോ അഭിഭാഷകരെയോ കാണാൻ അനുവാദം നൽകിയിരുന്നില്ല. രണ്ട് മാസം മുമ്പാണ് വലിയ പ്രതിഷേധത്തിനൊടുവിൽ കോടതിയിടപെടലോടെ സഹോദരിക്ക് ഇമ്രാൻ ഖാനെ കാണാൻ അവസരം ലഭിച്ചത്. 

പാകിസ്താനിലെ ഏറ്റവും ജനപ്രിയനായ നേതാവിനെ ജയിലിനുള്ളിൽ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ പി ടി ഐ ആരോപിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവും ഇതിനോടകം തന്നെ ശക്തമായിട്ടുണ്ട്.