ഇസ്‍ലാമാബാദ്: പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ ഭരണകൂടത്തിന്റെ പത്രസമ്മേളനത്തിന്റെ ഫേസ്ബുക്ക് ലൈവാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ പ്രധാനചർ‌ച്ചാ വിഷയം. പെശവാറിൽവച്ച് നടന്ന പത്രസമ്മേളനത്തിൽ പാകിസ്താൻ തെഹ്​രീഖ് ഇ ഇൻസാഫ് പാർട്ടി നേതാവായ ഷൗക്കത്ത് യൂസഫ്സായി സംസാരിക്കുന്നത് ഫേസ്ബുക്കിൽ ലൈവ് പോകുന്നതിനിടെ അദ്ദേഹത്തിന്റെ മുഖത്ത് പൂച്ചയുടെ ഫിൽറ്റർ വന്നതാണ് സോഷ്യൽമീഡിയയിൽ ചിരിപ്പരത്തിയത്.

വേദിയിലിരുന്ന നേതാക്കൻമാരുടെ മുഖത്ത് പിങ്ക് നിറത്തിലുള്ള പൂച്ചയുടേയും ചെവിയും കറുത്ത മീശുമായിരുന്നു പ്രത്യക്ഷപ്പെട്ടത്. മാധ്യമപ്രവർത്തകരാണ് ഫേസ്ബുക്ക് ലൈവിൽ പൂച്ചയുടെ ഫില്‍റ്റര്‍ അബദ്ധത്തില്‍ ആക്റ്റിവേറ്റായ കാര്യം വീഡിയോ കൈകാര്യം ചെയ്തയാളെ അറിയിച്ചത്. അദ്ദേഹം വീഡിയോയിൽനിന്ന് ഫിൽറ്റർ ഉടൻ മാറ്റിയെങ്കിലും അപ്പോഴേക്കും സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

ഇതോടെ ഷാങ്ഹായ് ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രോട്ടോക്കോള്‍ തെറ്റിച്ചതിനെതിരേയും സോഷ്യൽമീഡിയയിൽ ട്രോളുകൾ പ്രചരിക്കുകയാണ്. മറ്റ് രാഷ്ട്രനേതാക്കള്‍ എത്തിയ ചടങ്ങില്‍ അവരെ എഴുന്നേറ്റ് നിന്ന് സ്വാഗതം ചെയ്യേണ്ട രീതിയാണ് ഇമ്രാന്‍ ഖാന്‍ തെറ്റിച്ചത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്​രീഖ് ഇ ഇന്‍സാഫിന്റെ നിയന്ത്രണത്തിലുള്ള പ്രവിശ്യ ഭരണകൂടമാണ് ഖൈബര്‍ പഖ്തുന്‍ഖ്വ.