പാകിസ്‌താന്റെ ഇപ്പോഴുള്ള ഒരേയൊരു പ്രശ്‌നം ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ചതാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

ഇസ്ലാമാബാദ്‌: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷം ഇന്ത്യയുമായി സംസ്‌കാരസമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മറ്റ്‌ രാജ്യങ്ങളുമായെല്ലാം പാകിസ്‌താന്‍ നല്ല ബന്ധത്തിലാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മാത്രമാണ്‌ സമാധാനത്തിനും സ്ഥിരതയ്‌ക്കും പ്രതിസന്ധിയായിരിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

അഫ്‌ഗാനിസ്ഥാനില്‍ എന്ത്‌ സംഭവിച്ചാലും പാകിസ്‌താന്റെ അതിര്‍ത്തിപ്രദേശങ്ങളെ ബാധിക്കും. അതുകൊണ്ട്‌ സമാധാനത്തിന്‌ വേണ്ടി അക്ഷീണപ്രയത്‌നത്തിലാണ്‌ പാകിസ്‌താന്‍. ഇറാനുമായി വളരെ നല്ല ബന്ധമാണ്‌ പാകിസ്‌താനുള്ളത്‌. പാകിസ്‌താന്റെ ഇപ്പോഴുള്ള ഒരേയൊരു പ്രശ്‌നം ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ചതാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ ഇന്ത്യ-പാക്‌ സമാധാനചര്‍ച്ച കൂടുതല്‍ എളുപ്പത്തിലാകുമെന്ന്‌ ഇമ്രാന്‍ ഖാന്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ അഭിപ്രായപ്പെട്ടിരുന്നു.