പാകിസ്ഥാന്റെ സമാധാനത്തിനായുള്ള വാദം ആഗോള വേദികളിൽ അവതരിപ്പിക്കാൻ തന്നെ നിയോഗിച്ചെന്ന് ബിലാവൽ ഭൂട്ടോ പറഞ്ഞു.
ഇസ്ലാമാബാദ്: ന്ത്യക്ക് പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ തീരുമാനിച്ച് പാകിസ്ഥാൻ. പി പി പി ചെയർമാനും പാകിസ്ഥാൻ മുൻ വിദേശ കാര്യമന്ത്രിയുമായ ബിലാവൽ ഭൂട്ടോയാണ് ഇക്കാര്യം എക്സിൽ കുറിച്ചത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നോട് പ്രതിനിധി സംഘത്തെ നയിക്കാൻ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. നരേന്ദ്ര മോദി ആദംപൂർ വ്യോമത്താവളം സന്ദർശിച്ചതിന് പിന്നാലെ ഷഹബാസ് ഷെരീഫ് സിയാൽക്കോട്ടിലെ സൈനിക കേന്ദ്രത്തിലെത്തിയിരുന്നു.
പാകിസ്ഥാന്റെ സമാധാനത്തിനായുള്ള വാദം ആഗോള വേദികളിൽ അവതരിപ്പിക്കാൻ തന്നെ നിയോഗിച്ചെന്ന് ബിലാവൽ ഭൂട്ടോ പറഞ്ഞു. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പാകിസ്ഥാനെ സേവിക്കാൻ പ്രതിജ്ഞാബദ്ധനായിരിക്കുന്നതിൽ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ പോയി വ്യോമസേനാ യോദ്ധാക്കളുമായും ജവാന്മാരുമായും സംവദിച്ചതിന് പിന്നാലെ, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സിയാൽകോട്ട് ബേസ് സന്ദർശിച്ച് പാകിസ്ഥാൻ സൈനികരെ അഭിസംബോധന ചെയ്തു.
ഇന്ത്യയിലെ മോദി സർക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ ടീമുകൾ രൂപീകരിച്ചതിന് പിന്നാലെയാണ് പാകിസ്ഥാൻ ഇന്ത്യയെ അനുകരിക്കുന്നത്. പ്രതിപക്ഷം ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കളും പരിചയസമ്പന്നരായ നയതന്ത്രജ്ഞരും ഓരോ പ്രതിനിധി സംഘത്തിലും ഉണ്ടാകും. ശശി തരൂർ (ഐഎൻസി), രവിശങ്കർ പ്രസാദ് (ബിജെപി), സഞ്ജയ് കുമാർ ഝാ (ജെഡിയു), ബൈജയന്ത് പാണ്ഡ (ബിജെപി), കനിമൊഴി കരുണാനിധി (ഡിഎംകെ), സുപ്രിയ സുലെ (എൻസിപി), ശ്രീകാന്ത് ഏകനാഥ് ഷിൻഡെ (ശിവസേന) എന്നിവർ അവരുടെ പ്രതിനിധി സംഘങ്ങളെ നയിക്കും.
മെയ് 24 ന് കമ്മിറ്റി ആദ്യം സന്ദർശിക്കുന്ന സ്ഥലം ഗയാന ആയിരിക്കുമെന്ന് സിഎൻഎൻ-ന്യൂസ് 18 നോട് വൃത്തങ്ങൾ പറഞ്ഞു. ജൂൺ 2 ന് ഈ പ്രതിനിധി സംഘം അമേരിക്കയിൽ എത്തും.


