ജലമൊഴുക്ക് കുറഞ്ഞതോടെ പാകിസ്ഥാനിലെ പഞ്ചാബ്,സിന്ധ് പ്രവിശ്യകൾ വരൾച്ചാ ഭീഷണിയിലാണ്
ദില്ലി : സിന്ധു നിദീജല കരാർ മരവിപ്പിച്ചതിന് പിന്നാലെ നദിയിലെ കനാലുകൾ നവീകരിക്കാനും ഇന്ത്യ നടപടി തുടങ്ങി. കത്വയിലേത് ഉൾപ്പെടെയുളള കനാലുകളിലെ എക്കൽ നീക്കി സംഭരണശേഷി വർധിപ്പിക്കാനാണ് തീരുമാനം. ജലമൊഴുക്ക് കുറഞ്ഞതോടെ പാകിസ്ഥാനിലെ പഞ്ചാബ്,സിന്ധ് പ്രവിശ്യകൾ വരൾച്ചാ ഭീഷണിയിലാണ്. അതിനിടെ സിന്ധു നദീജല കരാർ മരവിപ്പിച്ചതിൽ ജമ്മുകശ്മീരിലെ പ്രദേശിക പാർട്ടികൾക്കിടയിൽ തർക്കം മുറുകി.
പഹഗൽഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതിന് പിന്നാലെ സിന്ധു നദീജല കരാർ മുൻനിർത്തി ആരംഭിച്ച ജലയുദ്ധം ഇന്ത്യ കടുപ്പിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുളള സിന്ധു നദിയിലെ കനാലുകൾ അടിയന്തരമായി നവീകരിക്കും.1905ല്‍ നിര്‍മിച്ച രണ്‍ബീന്‍ കനാല്‍, 1906ല്‍ നിര്‍മിച്ച ന്യൂ പ്രതാപ് കനാല്‍. 1961ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കത്വാ കനാല്‍ എന്നിവയാണ് നവീകരിക്കുക. 60 കിലോമീറ്ററാണ് രണ്‍ബീര്‍ കനാലിന്‍റെ നീളം. ജലസേചനത്തിനൊപ്പം വൈദ്യുത പദ്ധതിക്കുമാണ് ഈ കനാലിലെ വെള്ളം ഉപയോഗിക്കുന്നത്. 34 കിലോമീറ്റര്‍ നീളമുളള ന്യൂ പ്രതാപ് കനാല്‍ 16,500 ഹെക്ടര്‍ പ്രദേശത്തെ കൃഷി ഭൂമികളുടെ ജീവനാഡിയാണ്. കത്വ നഗരത്തിന് കുടിവെളളം നല്‍കുന്ന കത്വ കനാലിന് 17 കിലോമീറ്റര്‍ നീളമുണ്ട്. കനാലുകളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എക്കല്‍ നീക്കി സംഭരണ ശേഷി വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
വുള്ളർ തടാകത്തിൽ തുൾബുള്‍ തടയണ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പ്രഖ്യാപിച്ചിരുന്നു. 1980ൽ പാകിസ്ഥാന്‍റെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ച പദ്ധതിയാണിത്. തടയണ നിർമിക്കുന്നതോടെ ഝലം നദിയിലെ വെള്ളം ശൈത്യകാലത്ത് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതില്‍ കടുത്ത വിയോജിപ്പാണ് ജമ്മുകശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടിയായ പിഡിപിക്കുളളത്. നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പിഡിപി അധ്യക്ഷ മെഹബൂബ മുഫ്ത്തി ജീവജലം ആയുധമാക്കുന്നത് ശരിയല്ലെന്നും വിമര്‍ശിച്ചു.
എന്നാൽ പിഡിപി നിലപാട് തള്ളി മുഖ്യമന്ത്രി ഒമർ അബ്ദുളള രംഗത്തെത്തി. കരാർ ജമ്മുകശ്മീരിലെ ജനങ്ങളുടെ താത്പര്യങ്ങൾ ഹനിക്കുന്നതാണെന്ന് ഒമർ അബ്ദുളള തിരിച്ചടിച്ചു. അതിർത്തിക്ക് അപ്പുറത്തുളളവരെ പ്രീണിപ്പിക്കാനാണ് മെഹബൂബ ശ്രമിക്കുന്നതെന്നും ഒമർ അബ്ദുളള കുറ്റപ്പെടുത്തി. സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് പിന്നാലെ പാക്കിസ്ഥാനിലേക്കുളള ജലമൊഴുക്കിൽ ഇന്ത്യ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതോടെ പാക് പ്രവിശ്യകളായ പഞ്ചാബിലും സിന്ധിലും വരൾച്ചാ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. പാക്കിസ്ഥാന് വേണ്ട ഭക്ഷ്യധാന്യങ്ങളിൽ 80 ശതമാനവും കൃഷി ചെയ്യുന്നത് പഞ്ചാബ് പ്രവിശ്യയിലാണ്. പുതിയ നടപടികൾ പാക്കിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ചുരുക്കം.



