Asianet News MalayalamAsianet News Malayalam

പാകിസ്ഥാനിൽ 99 യാത്രക്കാരുമായി വിമാനം ജനവാസമേഖലയിൽ തകർന്നു വീണു - വീഡിയോ

ലാഹോറിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പേ തകർന്നുവീണതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാന്‍റെ അന്താരാഷ്ട്ര വിമാനസർവീസായ, പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്. 

Pakistan International Airlines flight from Lahore crashes near Karachi airport Pak media
Author
Karachi, First Published May 22, 2020, 4:09 PM IST

കറാച്ചി: പാകിസ്ഥാനിൽ യാത്രാവിമാനം കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തകർന്നുവീണതായി റിപ്പോർട്ട്. ലാഹോറിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പേ തകർന്നുവീണതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാന്‍റെ അന്താരാഷ്ട്ര വിമാനസർവീസായ, പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്. 

വിമാനത്തിൽ 99 യാത്രക്കാരുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. എട്ട് ജീവനക്കാരും 91 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം, ലാൻഡ് ചെയ്യുന്നതിന് ഒരു നിമിഷം മുമ്പാണ് വിമാനം തകർന്ന് വീണത്. PK 8303 എന്ന എയർബസ് എ-320 വിമാനമാണ് തകർന്നത്. 

ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡൽ വില്ലേജിലേക്കാണ് യാത്രാ വിമാനം ഇടിച്ചിറങ്ങിയിരിക്കുന്നത്. വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കൺട്രോൾ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതർക്ക് ലഭിക്കുന്നത്. 

കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയ്ക്ക് അടുത്ത് പൂ‍ർണമായ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. കറാച്ചിയിലെ എല്ലാ ആശുപത്രികൾക്കും ഈ നിരോധനാജ്ഞ ബാധകമാണ്. രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാൽ അകത്തേക്ക് കയറാൻ രക്ഷാപ്രവർത്തകർക്ക് ആകുന്നില്ല. 

''ഇപ്പോഴൊന്നും പറയാൻ ഞങ്ങൾക്കാകില്ല. വിമാനത്തിലെ എല്ലാ ജീവനക്കാർക്കും എമർജൻസി ലാൻഡിംഗിൽ എന്ത് വേണമെന്നതിൽ പരിശീലനം ലഭിച്ചവരാണ്. എല്ലാവരും സുരക്ഷിതരായി തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറയ്ക്ക് സുതാര്യമായിത്തന്നെ അറിയിക്കാം'', എന്ന് പാക് ഇന്‍റർനാഷണൽ എയർലൈൻസ് വക്താവ് പ്രതികരിച്ചു. 

ഇന്‍റർസർവീസസ് പബ്ലിക് റിലേഷൻസും, സൈന്യത്തിന്‍റെ ക്വിക് ആക്ഷൻ ഫോഴ്സും, സിന്ധ് പാകിസ്ഥാൻ റേഞ്ചേഴ്സും സംയുക്തമായി എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. പാക് സൈന്യത്തിന്‍റെ പ്രത്യേകവിമാനങ്ങൾ അപകട സ്ഥലത്തിന് മുകളിലെത്തിയിട്ടുണ്ട്. പാക് വ്യോമസേനയുടെ ചീഫ് എയർ മാർഷൽ മുജാഹിദ് അൻവർ ഖാൻ വ്യോമസേന എല്ലാ രക്ഷാപ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

ഏതാണ്ട് ഒരു വർഷം മുമ്പും ഗിൽജിത് വിമാനത്താവളത്തിൽ പാക് ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ വിമാനം വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അന്ന് സാഹസികമായാണ് നിയന്ത്രിച്ചത്. 

Follow Us:
Download App:
  • android
  • ios