1980കൾക്കപ്പുറത്തേക്ക് വ്യോമ ആധിപത്യത്തിൽ നിന്ന് പിഐഎ പതിയെ പിന്നോട്ടുപോയി. ഗൾഫ് വിമാനകമ്പനികൾ വമ്പൻ സാമ്പത്തിക ശേഷിയോടെ രം​ഗപ്രവേശനം ചെയ്തായിരുന്നു പ്രധാനകാരണം. ഈ മത്സരത്തോട് കിടപിടിക്കാൻ പിഐഎക്ക് കഴിർഞ്ഞില്ല. 

മികച്ച നേതൃത്വം, ആധുനിക ജെറ്റുകൾ, മികച്ച പൈലറ്റുമാർ... ഇതെല്ലാമായിരുന്നു ഒരുകാലത്ത് ലോകത്തിന്റെ നെറുകയിലായിരുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് എന്ന പിഐഎ. എന്നാൽ ഇന്ന് അതല്ല സ്ഥിതി. എയർലൈൻസിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായേക്കാവുന്ന നിമിഷത്തിനായി കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തിന്റെ അഭിമാന ചിഹ്നമായിരുന്ന പാക് ഇന്റർനാഷണൽ എയർലൈൻസ് എന്ന പിഐഎയെ വിൽക്കാനൊരുങ്ങുകയാണ് സർക്കാർ. വിമാനക്കമ്പനിയുടെ ലേലം ഡിസംബർ 23-ന് നടക്കുമെന്നാണ് പാകിസ്ഥാൻ അറിയിച്ചിരിക്കുന്നത്. വിൽപ്പന നടന്നാൽ, ഏകദേശം 20 വർഷത്തിന് ശേഷം പാകിസ്ഥാനിൽ നടക്കുന്ന ആദ്യത്തെ പ്രധാന സ്വകാര്യവൽക്കരണമാകും ഇത്.

എന്താണ് പാകിസ്ഥാൻ ഇൻർനാഷണൽ എയർലൈൻസ് എന്നും ഒരുകാലത്തെ അഭിമാനചിഹ്നം പതനത്തിലേക്ക് കൂപ്പുകുത്തിയത് എങ്ങനെ എന്നും നോക്കാം.

പിഐഎയുടെ പിറവിയും വളർച്ചയും

തുടക്കത്തിൽ ഒരു സർക്കാർ പ്രൊജക്ടായിരുന്നില്ല പിഐഎ. മിർസ അ‌ഹ്മദ് ഇസ്പഹാനിയുടെയും ബിസിനസ് ടൈക്കൂണായിരുന്ന ഹാജി ദാവൂദിന്റെയും നേതൃത്വത്തിൽ 1946 ഒക്ടോബർ 29ന് കൊൽക്കത്തയിൽ ഓറിയന്റ് എയർവെയ്സ് എന്ന പ്രൈവറ്റ് എയർലൈനായിട്ടായിരുന്നു തുടക്കം. പാകിസ്ഥാന്റെ പിറവിക്ക് മുമ്പ് ബ്രിട്ടീഷ് ഇന്ത്യയിലെ യാത്രാ ആവശ്യങ്ങൾ ലക്ഷ്യം വെച്ചായിരുന്നു ഇത്. 1947ൽ പാകിസ്ഥാൻ രൂപീകരിച്ചതിന് ശേഷം ഓറിയന്റ് എയർവെയ്സിന്റെ എല്ലാ പ്രവർത്തനവും പുതിയ രാജ്യത്തേത്ത് മാറ്റി. പാകിസ്ഥാന്റെ ആഭ്യന്തര-അന്താരാഷ്ട്ര യാത്രാ ആവശ്യങ്ങൾക്കായി പ്രവർത്തിച്ച ആദ്യത്തെ വിമാനകമ്പനിയായി മാറി. 1955ൽ പാക് സർക്കാർ ഓറിയന്റിനെ ദേശസാൽക്കരിച്ച് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് കോർപറേഷൻ രൂപീകരിച്ചു. പിഎഐയുടെ സുവർണ കാലത്തിന്റെ തുടക്കമായിരുന്നു അത്.

ദീർഘ വീക്ഷണമുള്ള നേതൃത്വമായിരുന്നു ആദ്യകാലത്ത് പിഐഎയുടെ കരുത്ത്. ആദ്യത്തെ മാനേജിങ് ഡയറക്ടർ നൂർ ഖാന്റെ നേതൃത്വത്തിൽ പിഐഎ തഴച്ചുവളർന്നു. മോഡേൺ ജെറ്റുകൾ സ്വന്തമാക്കി. പുതിയ ​ഗ്ലോബൽ റൂട്ടുകളിലേക്ക് പിഐഎയുടെ വിമാനങ്ങൾ പറന്നു. 1960ഓടെ ബോയിങ് 707 ഉപയോ​ഗിക്കുന്ന രണ്ടാമത്തെ ഏഷ്യൻ കമ്പനിയായി.

ഇന്ന് ലോകത്തെ ഏറ്റവും വലിയ എയർലൈനായ എമിറേറ്റ്സിന് അന്ന് സാങ്കേതിക സഹായവും പൈലറ്റ് പരിശീലവും നൽകിയിരുന്നത് പിഐഎ ആയിരുന്നു. ഒരു ദശാബ്ധത്തിനുള്ളിൽ ലോകോത്തര വിമാനകമ്പനിയായി പിഐഎ മാറി. 1960കളിലും 70കളിലും ലോകത്തെ തന്നെ ഏറ്റവും മികച്ച വിമാനകമ്പനികളിൽ ഒന്നായിരുന്നു പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്.

1980കൾക്കപ്പുറത്തേക്ക് വ്യോമ ആധിപത്യത്തിൽ നിന്ന് പിഐഎ പതിയെ പിന്നോട്ടുപോയി. ഗൾഫ് വിമാനകമ്പനികൾ വമ്പൻ സാമ്പത്തിക ശേഷിയോടെ രം​ഗപ്രവേശനം ചെയ്തായിരുന്നു പ്രധാനകാരണം. ഈ മത്സരത്തോട് കിടപിടിക്കാൻ പിഐഎക്ക് കഴിർഞ്ഞില്ല. മത്സരത്തിന്റെ പേസ് പിടിക്കേണ്ടതിന് പകരം പിഐഎ ഇടറി.

കാലിടറി പിഐഎ

പിന്നീടിങ്ങോട്ട് അതിന്റെ പ്രതാപകാലം കുത്തനെ ഇടിയുന്നതാണ് കണ്ടത്. അമിതമായ രാഷ്ട്രീയ ഇടപെടലായിരുന്നു പിഐഎയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. പ്രൊഫഷണൽ മാനദണ്ഡങ്ങൾ പാലിക്കാതെ പല രാഷ്ട്രീയ നിയമനങ്ങളും പ്രധാന തസ്തികകളിലേക്ക് നടന്നു. സർക്കാർ തലത്തിലെ അനാവശ്യ ഇടപെടലുകൾ കമ്പനിയുടെ ബിസിനസ് താൽപര്യങ്ങൾക്കും ദീർഘകാല പദ്ധതികൾക്കും വിലങ്ങുതടിയായി. ആവശ്യത്തിലും അധികം ജീവനക്കാരെ നിയമിച്ചതും തിരിച്ചടിയായി. പിഐഎയുടെ ഓരോ വിമാനത്തിലും ജീവനക്കാരെക്കൊണ്ട് നിറ‍‌ഞ്ഞു. വേതന ചെലവ് ​ഗണ്യമായി കൂടിയത് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിച്ചു. ചെലവ് വരുമാനത്തേക്കാൾ കൂടിയത് കടബാധ്യതയിലേക്ക് നയിച്ചു. സർക്കാർ ​ഗ്യാരന്റിയിൽ വായ്പകൾ എടുത്ത് നഷ്ടം നികത്താൻ ശ്രമിച്ചത് കടബാധ്യതയുടെ വലിപ്പം വർധിപ്പിച്ചു.

കാര്യക്ഷമതയില്ലായ്മയും അഴിമതിയും തകർച്ചയ്ക്ക് വെള്ളവും വളവും നൽകി. അറ്റകുറ്റപ്പണികൾ വൈകിയടതും പ്രവർത്തനങ്ങളിലെ അലസതയും വിമാനങ്ങൾ വൈകുന്നതിലേക്കും റദ്ദാക്കുന്നതതിലേക്കും നയിച്ചു. അഴിമതിയും സ്വജനപക്ഷപാതയും സാമ്പത്തിക നഷ്ടം വർധിപ്പിച്ചു.

2020ലെ കറാച്ചി വിമാനാപകടം PIA യുടെ അന്താരാഷ്ട്ര തലത്തിലുള്ള പ്രതിച്ഛായക്ക് കനത്ത തിരിച്ചടിയായി. 97 പേരാണ് അന്ന് കൊല്ലപ്പെട്ടത്. പൈലറ്റുമാരുടെ പിഴവുകളാണ് അപകടത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. രാജ്യത്തെ 260-ൽ അധികം പൈലറ്റുമാർക്ക് വ്യാജ ലൈസൻസാണ് ഉള്ളതെന്ന് വെളിപ്പെടുത്തലുകളുണ്ടായി. ഇതേത്തുടർന്ന് യൂറോപ്പ്, യുകെ, യുഎസ് എന്നിവിടങ്ങളിലേക്ക് PIA ഫ്ലൈറ്റുകൾക്ക് വിലക്കുവന്നു. ഏറ്റവും ലാഭകരമായ റൂട്ടുകൾ നഷ്ടപ്പെട്ടത് PIA യുടെ വരുമാനത്തെ ഗുരുതരമായി ബാധിച്ചു. വർഷങ്ങളായുള്ള പ്രവർത്തന നഷ്ടങ്ങളും കാര്യക്ഷമതയില്ലായ്മയും PIA യെ ഭീമമായ കടക്കെണിയിലാക്കി. അന്താരാഷ്ട്ര തലത്തിൽ പിഐഎയുടെ വിശ്വാസ്യതയും പ്രതിച്ഛായയും തകർത്തു. ആധുനിക സംവിധാനങ്ങളിലേക്ക് മാറുന്നതിലും സാങ്കേതിക വിദ്യ പുതുക്കുന്നതിലും വന്ന കാലതാമസം മറ്റ് അന്താരാഷ്ട്ര വിമാന കമ്പനികളുമായി മത്സരിക്കുന്നതിൽനിന്ന് പിഐഎയെ പിന്നിലാക്കി.

നഷ്ടവും കടവും പെരുകിയതോടെ പിഐഎയെ വിൽക്കാനുള്ള ശ്രമങ്ങളിലേക്ക് നീങ്ങി പാകിസ്ഥാൻ. കഴിഞ്ഞ വർഷം കമ്പനിയെ വിൽപനയ്ക്ക് വെച്ചെങ്കിലും പരാജയപ്പെട്ടു. ആദ്യ ലേലത്തിന് മുൻപ് തന്നെ പി.ഐ.എ.യുടെ ഏകദേശം 80 ശതമാനം കടബാധ്യത സർക്കാർ ഏറ്റെടുത്തിരുന്നു. ലേലം പരാജയപ്പെട്ടതിന് ശേഷം, ഭാവിയിൽ വാങ്ങുന്നവരെ ആകർഷിക്കുന്നതിനായി ബാക്കിയുള്ള കടവും എഴുതിത്തള്ളിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പി.ഐ.എ.യ്ക്കായി തിരഞ്ഞെടുക്കപ്പെട്ട നാല് ലേലക്കാരിൽ ഒന്നാണ് പാക് സൈന്യം പിന്തുണയ്ക്കുന്ന ഫൗജി ഫൗണ്ടേഷൻ. രാജ്യത്തെ ഏറ്റവും ശക്തനായ വ്യക്തിയായ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ നേരിട്ട് ഫൗജി ഫൗണ്ടേഷൻ ബോർഡിൽ ഇല്ലെങ്കിലും, സ്ഥാപനപരമായ ശക്തമായ സ്വാധീനം ഇദ്ദേഹത്തിനുണ്ട്. ഫൗജി ഗ്രൂപ്പിൻ്റെ ഭാഗമായ ഫൗജി ഫെർട്ടിലൈസർ കമ്പനി പാകിസ്ഥാനിലെ ഏറ്റവും വലിയ വളം നിർമ്മാതാവാണ്. ഊർജ്ജം, ഭക്ഷണം, ധനകാര്യം എന്നിവയിൽ ഈ ഗ്രൂപ്പിന് താത്പര്യങ്ങളുണ്ട്. ഫൗജി ഗ്രൂപ്പ് പി.ഐ.എ. സ്വന്തമാക്കിയാൽ, പാകിസ്ഥാനിലെ വ്യോമയാന മേഖലയിലേക്കുള്ള സൈന്യത്തിൻ്റെ ഔദ്യോഗിക പ്രവേശനമാകും ഇത്.