ഇസ്ലാമാബാദ്: രാജ്യത്ത് സൈന്യത്തിന്റെ സമാന്തര ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ച് പാകിസ്ഥാനില്‍ പ്രതിപക്ഷം രംഗത്ത്. സൈനിക നേതാക്കാള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ഞായറാഴ്ച സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. സ്റ്റേറ്റിനുള്ളില്‍ മറ്റൊരു സ്റ്റേറ്റായാണ് സൈന്യം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം സംഘടിപ്പിച്ചത്. രാജ്യത്തെ മിക്ക വാര്‍ത്താ ചാനലുകളും യോഗം സംപ്രേഷണം ചെയ്തു. രാഷ്ട്രീയത്തില്‍ സൈന്യം ഇടപെടുന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെയല്ല സമരമെന്നും, സര്‍ക്കാറിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെയാണെന്നും പ്രതിപക്ഷം പറഞ്ഞു. സൈനിക തലവന്മാര്‍ ക്രിമിനല്‍ കുറ്റം ചെയ്യുന്നുവെന്നും അമിതാധികാരം പ്രയോഗിക്കുന്നുവെന്നും നവാസ് ശരീഫ് കുറ്റപ്പെടുത്തി.

റിട്ടയേര്‍ഡ് ജനറല്‍ അസിം സലീം ബജ്വക്ക് ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അതോറിറ്റിയുടെ തലവന്‍ സ്ഥാനം നല്‍കിയതും പ്രതിപക്ഷം ചോദ്യം ചെയ്തു. ജനം തെരഞ്ഞെടുത്തവരാണ് രാജ്യത്തിന്റെ സാമ്പത്തിക നയവും വിദേശ നയവും തീരുമാനിക്കേണ്ടതെന്നും സൈനിക മേധാവികളല്ലെന്നും ഇവര്‍ പറഞ്ഞു. ഇമ്രാന്‍ ഖാന്റെ ഭരണകാലത്ത് അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍ ദുര്‍ബലരായി. ഈ അവസരം മുതലെടുത്താണ് കശ്മീരടക്കമുള്ള വിഷയങ്ങളില്‍ പാകിസ്ഥാനെ അവഗണിച്ച് തീരുമാനമെടുത്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ന്നെന്നും പാകിസ്ഥാന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലേക്കെത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു.