വിമാനത്തിൽ ലാപ്ടോപ്പ് ബോംബ് ഉപയോഗിച്ച് നടത്തിയ ചാവേ‍ർ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ചാവേർ മാത്രം. 74 യാത്രക്കാരും രക്ഷപ്പെട്ടു. നടുക്കുന്ന ഈ സംഭവത്തിന് പത്ത് വയസ്സ്. വിമാനം പറന്നുയർന്ന് 15 മിനിറ്റുകൾക്ക് ശേഷമായിരുന്നു സ്ഫോടനം നടന്നത്.

മൊഗാദിഷു: കൃത്യം ഒരു പതിറ്റാണ്ട് മുൻപ്, 2016 ഫെബ്രുവരി 2ന് ലോകത്തെ ഞെട്ടിച്ച ഡാലോ എയർലൈൻസ് വിമാനത്തിലെ ബോംബ് സ്‌ഫോടനത്തിന്‍റെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് പത്ത് വയസ്സ്. സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ നിന്ന് ജിബൂട്ടിയിലേക്ക് പറന്ന വിമാനത്തിലായിരുന്നു ലാപ്ടോപ്പ് ബോംബ് ഉപയോഗിച്ച് ചാവേർ ആക്രമണം നടത്തിയത്. എന്നാൽ വിധി കാത്തുവെച്ച അത്ഭുതമെന്നോണം 74 യാത്രക്കാരും രക്ഷപ്പെട്ടു, കൊല്ലപ്പെട്ടത് ചാവേർ മാത്രമായിരുന്നു.

അബ്ദുല്ലാഹി അബ്ദിസലാം ബോർലെ എന്ന സൊമാലിയൻ സ്വദേശിയാണ് ആക്രമണം നടത്തിയത്. സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച ലാപ്ടോപ്പുമായിട്ടായിരുന്നു ഇയാൾ വിമാനത്തിൽ കയറിയത്. വിമാനത്തിന് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കാൻ കഴിയുന്ന കൃത്യമായ സീറ്റും സ്ഥാനവും ഇയാൾ നേരത്തെ തന്നെ തിരഞ്ഞെടുത്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.

വിമാനം പറന്നുയർന്ന് 15 മിനിറ്റുകൾക്ക് ശേഷമായിരുന്നു സ്ഫോടനം നടന്നത്. അപ്പോൾ വിമാനം ഏകദേശം 11,000 അടി ഉയരത്തിലായിരുന്നു. വിമാനത്തിന്‍റെ ക്യാബിനിൽ മർദ്ദം പൂർണ്ണമായും ക്രമീകരിക്കാത്തതിനാൽ സ്ഫോടനം നടന്നതോടെ വിമാനത്തിന്റെ വശത്ത് ഒരു മീറ്റർ വലുപ്പമുള്ള വലിയ ദ്വാരമുണ്ടായി. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ചാവേർ വിമാനത്തിന് പുറത്തേക്ക് തെറിച്ചു വീഴുകയും കൊല്ലപ്പെടുകയും ചെയ്തു. പൈലറ്റിന്‍റെ മനഃസാന്നിധ്യം കൊണ്ട് വിമാനം ഉടൻ തന്നെ മൊഗാദിഷുവിൽ അടിയന്തരമായി ഇറക്കാൻ സാധിച്ചു.

ലക്ഷ്യം ടർക്കിഷ് എയർലൈൻസ്

ഈ ആക്രമണം യഥാർത്ഥത്തിൽ ഡാലോ എയർലൈൻസിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വസ്തുത. ആ ദിവസം ടർക്കിഷ് എയർലൈൻസ് വിമാനം ശക്തമായ കാറ്റ് മൂലം റദ്ദാക്കിയതിനാലാണ് അതിലെ 74 യാത്രക്കാരെ ഡാലോ എയർലൈൻസിലേക്ക് മാറ്റിയത്. ചാവേറും ടർക്കിഷ് എയർലൈൻസിലായിരുന്നു ആദ്യം ടിക്കറ്റ് എടുത്തിരുന്നത്.

പാശ്ചാത്യ ഉദ്യോഗസ്ഥരെയും ടർക്കിഷ് സൈനികരെയുമാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന് ഭീകര സംഘടനയായ അൽ-ഷബാബ് പിന്നീട് വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് പേർക്ക് സൊമാലിയൻ സൈനിക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിൽ ഉൾപ്പെട്ട മറ്റ് എട്ട് പേർക്കും വിവിധ തടവുശിക്ഷ ലഭിക്കുകയും ചെയ്തു.