ടിക് ടോക്ക് താരം ഹരീം ഷായുമായി മന്ത്രിക്ക് ബന്ധമുണ്ടെന്നും പലതരത്തിലുള്ള സ്വകാര്യ വീഡിയോകളും പ്രചരിക്കുന്നുണ്ടെന്നും അത്തരത്തിലൊന്ന് താന്‍ കണ്ടിട്ടുണ്ടെന്നും...

ഇസ്ലാമാബാദ്: ടിക് ടോക് താരത്തോട് ബന്ധപ്പെടുത്തി പരാമര്‍ശം നടത്തിയതിന് മാധ്യമപ്രവര്‍ത്തകനെ അടിച്ചുവെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ മന്ത്രി. സയന്‍സ് ആന്‍റ് ടെക്നോളജി മന്ത്രി ഫവാദ് ചൗദരിയാണ് മാധ്യമപ്രവര്‍ത്തകന്‍ മുബഷിര്‍ ലുക്മാനെ ഒരു വിവാഹച്ചടങ്ങില്‍ വച്ച് അടിച്ചത്. 

ടിക് ടോക് താരം ഹരീം ഷായോട് ബന്ധപ്പെടുത്തിയതിനാണ് സംഭവം. എന്നാല്‍ മറ്റെന്തിനേക്കാളുപരി താന്‍ ഒരു മനുഷ്യനാണെന്നാണ് സംഭവം വിവാദമായതോടെ മന്ത്രി ചൗദരി പ്രതികരിച്ചത്. 

''മന്ത്രി പദവി വരും പോകും. പക്ഷേ വ്യക്തിപരമായ അധിക്ഷേപം ഞാന്‍ സഹിക്കില്ല. നമ്മളെല്ലാവരും മനുഷ്യരാണ്. ഇത്തരം ആരോപണങ്ങള്‍ നടത്തുമ്പോള്‍ നമ്മള്‍ പ്രതികരിച്ചുപോകും''- ചൗധരി പറഞ്ഞു. 

ടിക് ടോക്ക് താരം ഹരീം ഷായുമായി മന്ത്രിക്ക് ബന്ധമുണ്ടെന്നും പലതരത്തിലുള്ള സ്വകാര്യ വീഡിയോകളും പ്രചരിക്കുന്നുണ്ടെന്നും അത്തരത്തിലൊന്ന് താന്‍ കണ്ടിട്ടുണ്ടെന്നും ലുക്മാന്‍ അവതാരകനായ ടി വി ഷോയില്‍ സഹ അവതാരകനായ റായ് സാദിഖ് ഖരാല്‍ പറഞ്ഞിരുന്നു. ഇത് ആദ്യമായല്ല മന്ത്രി ചൗദരി അവതാരകരോട് മോശമായി പെരുമാറുന്നത്. കഴിഞ്ഞ ജൂണില്‍ ഒരു വിവാഹപരിപാടിക്കിടെ സാമി ഇബ്രാഹിം എന്ന ജേര്‍ണലിസ്റ്റിനെയും അദ്ദേഹം അടിച്ചിരുന്നു.