ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുക്കുകയാണെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് പാക്കിസ്ഥാനി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇസ്ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ പാക്ക് രഹസ്യന്വേഷണ ഉദ്യോഗസ്ഥര്‍ തടഞ്ഞ്, ചടങ്ങ് അലങ്കോലമാക്കി. ഇഫ്താറില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ പാക്കിസ്ഥാനി രഹസ്യന്വേഷണ ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി ഇന്ത്യന്‍ ഹൈകമ്മീഷന്‍ വ്യക്തമാക്കി. ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

ഇഫ്താര്‍ വിരുന്നിനെത്താനിരുന്ന അതിഥികളെ അജ്ഞാത ഫോണ്‍ നമ്പറുകളില്‍ നിന്നും ഭീഷണി വിളികള്‍ വഴി പിന്തിരിപ്പിച്ചെന്നും. മറ്റുപലരെയും ഹോട്ടലിന് മുന്നില്‍ തടഞ്ഞ് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. പാകിസ്ഥാന്‍ രഹസ്യന്വേഷണ ഏജന്‍സി ഐഎസ്ഐ നേരിട്ടാണ് ചടങ്ങ് അലങ്കോലമാക്കിയത് എന്നാണ് ഇന്ത്യന്‍ ഹൈകമ്മീഷന്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുക്കുകയാണെങ്കില്‍ അതിന്‍റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് പാക്കിസ്ഥാനി ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലിന്‍റെ ഗേറ്റുകള്‍ പൂട്ടി അതിഥികളോട് ഇഫ്താര്‍ വിരുന്ന് കഴിഞ്ഞെന്ന് ഇവര്‍ കള്ളം പറഞ്ഞതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അതിഥികളെ അപമാനിച്ച സംഭവം ഗൗരവകരമായി കാണുന്നെന്ന് അറിയിച്ച ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അജയ് ബിസാരിയ അതിഥികളോട് ക്ഷമ പറഞ്ഞു. 

സംഭവം ഗൗരവമായാണ് കാണുന്നതെന്നും, ഇതില്‍ തക്കതായ പ്രതികരണം ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നാണ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സൂചിപ്പിക്കുന്നത്. നയതന്ത്ര മര്യാദകളുടെ ലംഘനമാണ് നടന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Scroll to load tweet…