Asianet News MalayalamAsianet News Malayalam

ഭീകരര്‍ക്ക് സഹായം; പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര സാമ്പത്തിക സംഘടന

ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം അനുവദിക്കുന്നതിന്‍റെ പേരില്‍ പാകിസ്ഥാനെ, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്)കരിമ്പട്ടികയില്‍ പെടുത്തി.

pakistan placed in enhanced blacklist by fatf
Author
Islamabad, First Published Aug 23, 2019, 12:40 PM IST

ദില്ലി: ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന്‍റെ പേരില്‍ പാകിസ്ഥാനെ, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്)കരിമ്പട്ടികയില്‍ പെടുത്തി. ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തികസഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് എഫ്എടിഎഫ്. 

രാജ്യത്തെ ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ ഈ വര്‍ഷം മെയ് വരെ പാകിസ്ഥാന് എഫ്എടിഎഫ് സമയം നല്‍കിയിരുന്നു.    ഇത് നടപ്പായിട്ടില്ലെന്ന് എഫ്എടിഎഫ് കണ്ടെത്തി. മുന്നോട്ടുവച്ച 40 മാനദണ്ഡങ്ങളില്‍ 38ഉം  പാലിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് എഫ്എടിഎഫ്  എത്തിയത്. 

എഫ്എടിഎഫിന്‍റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച് 450 പേജുള്ള റിപ്പോര്‍ട്ട് പാകിസ്ഥാന്‍ കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇത് തൃപ്തികരമല്ലെന്നാണ് എഫ്എടിഎഫിന്‍റെ ഏഷ്യാ പസഫിക് മേഖലയിലെ പ്രാദേശിക സംഘടനയായ ഏഷ്യാ പസഫിക് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസമായി ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്താന്‍ എഫ്എടിഎഫ് തീരുമാനിച്ചത്. 

കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക്   വിദേശരാജ്യങ്ങളില്‍ നിന്നോ ഐഎംഎഫ് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സംവിധാനങ്ങളില്‍ നിന്നോ ധനസഹായം ലഭിക്കില്ല. അതുകൊണ്ടുതന്നെ, സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് എഫ്എടിഎഫിന്‍റെ തീരുമാനം കടുത്ത പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തല്‍. 


 

Follow Us:
Download App:
  • android
  • ios