ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും വിവാഹ മോചനങ്ങള്‍ക്കും കാരണം ബോളിവുഡ് സിനിമകളാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനി കണ്ടന്‍റ് ഡെവലപേഴ്സിനോടും യൂട്യൂബേഴ്സിനോടും സംവദിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ഹിന്ദി സിനിമ മേഖലയായ ബോളിവുഡിനെ വിമര്‍ശിച്ചത്. ഹോളിവുഡിനെയും ഇമ്രാന്‍ ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു. 

മൊബൈല്‍ ഫോണ്‍ വ്യാപിച്ചതോടെ കുട്ടികള്‍ക്ക് ഇന്നേവരെ ലഭിക്കാത്ത വിവരങ്ങളെല്ലാം ലഭിച്ചു. മനുഷ്യ ചരിത്രത്തില്‍ മുമ്പ് ഇങ്ങനെയുണ്ടായിട്ടില്ല. ഈ സാഹചര്യം വെല്ലുവിളി നിറഞ്ഞതും ഭീഷണിയുമാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുകയാണ്. പ്രധാനമന്ത്രിയാകുന്നത് വരെ താന്‍ ഇത് സംബന്ധിച്ച് ബോധവാനായിരുന്നില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. 

ലൈംഗിക കുറ്റകൃത്യവും ബാലപീഡനവും പാകിസ്ഥാനില്‍ കുതിച്ചുയരുകയാണ്. ചൈല്‍ഡ് പോണോഗ്രഫി പാകിസ്ഥാനില്‍ വ്യാപകമായിരുന്നു. ഞാന്‍ അധികാരത്തിലേറിയതോടെ വലിയ രീതിയില്‍ മാറ്റം വന്നു. പുറത്തുനിന്ന് വരുന്ന സിനിമകളുടെ ഉള്ളടക്കമാണ് പാകിസ്ഥാനിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കാരണം. ബോളിവുഡും ഹോളിവുഡും പാകിസ്ഥാന്‍ ജനത അനുകരിക്കുകയാണ്. ഹോളിവുഡിലൂടെ പശ്ചാത്യ സംസ്കാരം പാകിസ്ഥാനിലേക്ക് വരുകയാണെന്നും കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാനും വിവാഹ മോചനങ്ങള്‍ വര്‍ധിക്കാനും ഇത് കാരണമാകുന്നുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

താന്‍ ഇംഗ്ലണ്ടില്‍ പോയിരുന്നപ്പോള്‍ അവിടത്തെ വിവാഹമോചന നിരക്ക് 14 ശതമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ 70 ശതമാനമായെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാന്‍ ഖാന്‍ രണ്ട് തവണ വിവാഹ മോചിതനായ വ്യക്തിയാണ്. മുന്‍ ഭാര്യമാര്‍ ഇദ്ദേഹത്തിനെതിരെ മയക്കുമരുന്ന് ഉപയോഗവും ആരോപിച്ചിരുന്നു. 2004ലാണ് ഒമ്പത് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇമ്രാന്‍ ഖാന്‍ ആദ്യ ഭാര്യ ജെമീമ ഗോള്‍ഡ് സ്മിത്തിനെ ഉപേക്ഷിക്കുന്നത്. 2015ല്‍ മാധ്യമപ്രവര്‍ത്തക റെഹം ഖാനെ വിവാഹം ചെയ്തെങ്കിലും 10 മാസം മാത്രമേ ബന്ധം നിലനിന്നത്. പിന്നീട് ബുഷ്റ ബീബിയെ വിവാഹം ചെയ്തു. ഇമ്രാന്‍ ഖാന്‍ എല്ലാ രാത്രിയിലും ആറ് ഗ്രാം കൊക്കെയ്ന്‍ ഉപയോഗിക്കാറുണ്ടെന്ന് റെഹം ഖാന്‍ വെളിപ്പെടുത്തിയിരുന്നു.