ദില്ലി: കശ്മീര്‍ വിഷയത്തില്‍ ഏതറ്റംവരെയും പോകുമെന്ന് പക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിനായി അവസാനം വരെ പോരാടും. ആണവ ശക്തിയായ പാകിസ്ഥാൻ കശ്മീരിനായി ഏതറ്റം വരെയും പോകും.  കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുന്നതായും ഇമ്രാൻ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇമ്രാൻ.

ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിലേക്ക് കടുക്കുകയാണെങ്കില്‍ ഓര്‍ക്കണം, രണ്ട് രാജ്യങ്ങള്‍ക്കും ആണവായുധമുണ്ട്. ആണവയുദ്ധത്തില്‍ ആരും വിജയികളാവില്ലെന്നും ഓര്‍ക്കണം. ലോകശക്തികള്‍ക്ക് അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. പക്ഷെ അവര്‍ പാകിസ്ഥാനെ പിന്തുണച്ചില്ലെങ്കിലും കശ്മീരിനായി ഏതറ്റം വരെയും പാകിസ്ഥാന്‍ പോകുമെന്നും ഇമ്രാന്‍ പറഞ്ഞു.

കശ്മീർ വിഷയത്തിൽ ഒരു മൂന്നാം കക്ഷിയും ഇടപെടേണ്ടതില്ല എന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇമ്രാന്‍റെ പ്രതികരണം. ജിഏഴ് ഉച്ചകോടിക്കിടയുള്ള കൂടിക്കാഴ്ചയിലായിരുന്നു മോദി കർശനനിലപാട് സ്വീകരിച്ചത്. അതിനിടെ മധ്യസ്ഥതയാവാം എന്ന നിർദ്ദേശം ട്രംപ് മയപ്പെടുത്തി. ഇതിന് പിന്നാലെയായിരുന്നു കശ്മീരിനായി ഏതറ്റംവരെയും പോകുമെന്ന ഇമ്രാന്‍ ഖാന്‍റെ പ്രതികരണം.

ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ തീർക്കും. ആരെയും ബുദ്ധിമുട്ടിക്കില്ല. 1947നു മുമ്പ് ഒന്നായിരുന്ന രാജ്യങ്ങൾക്ക് ചർച്ചയിലൂടെ പ്രശ്നപരിഹാരം ഉണ്ടാക്കാനാകും എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. 'എന്തിനും ഞാനിവിടെയുണ്ട്, രണ്ട് നേതാക്കളും എന്‍റെ സുഹൃത്തുക്കളാണ്. എന്നാൽ അവർ തമ്മിൽ ചർച്ച നടത്തി പ്രശ്നം തീർക്കാമെന്ന് പറയുമ്പോൾ അതംഗീകരിക്കണം' എന്നും ട്രംപ് നിലപാട് മയപ്പെടുത്തി പറഞ്ഞു. കശ്മീരിൽ കാര്യങ്ങൾ മോദിയുടെ നിയന്ത്രണത്തിൽ നില്‍ക്കുന്നുണ്ട് എന്ന് കൂടി ട്രംപ് പറഞ്ഞു. 

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണോടും മോദി നിലപാട് വിശദീകരിച്ചു. കശ്മീരിൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ ഇടപെടലിനായുള്ള പാകിസ്ഥാന്‍റെ ശ്രമം ചെറുക്കാൻ ഫ്രാൻസിൽ മോദിക്ക് കഴിഞ്ഞു.  സ്ഥിതി സ്ഫോടനാത്മകം എന്ന് വിശേഷിപ്പിച്ച ട്രംപ് നിയന്ത്രണാധീതം എന്ന് ഇന്ന് തിരുത്തിയതും പാക് നീക്കത്തിന് തിരിച്ചടയായി. ഇതിനു പിന്നാലെയായിരുന്നു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. ആണവശക്തിയായ പാകിസ്ഥാൻ കശ്മീരിനായി ഏതറ്റം വരെയും പോകുമെന്നും ഇമ്രാൻ ഭീഷണി മുഴക്കി.