യുഎസ്-ഇറാൻ സമാധാന കരാറിനെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ വിലക്കുറവിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ സർക്കാർ ഇന്ധനവില കുത്തനെ കുറച്ചു. പെട്രോളിന് ലിറ്ററിന് 74 രൂപയും ഹൈ-സ്പീഡ് ഡീസലിന് 67 രൂപയുമാണ് കുറച്ചത്.
ഇസ്ലാമാബാദ്: പാകിസ്താനിൽ ഇന്ധനവില കുത്തനെ കുറച്ചു; പെട്രോളിന് 74 രൂപയും ഡീസലിന് 67 രൂപയും കുറയും. യുഎസ്-ഇറാൻ സമാധാന കരാറിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയും ഹൊർമൂസ് കടലിടുക്കിലൂടെയുള്ള ഊർജ്ജ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തതോടെയാണ് ആഗോള വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കാൻ പാകിസ്താൻ സർക്കാർ തീരുമാനിച്ചത്. പെട്രോളിന് ലിറ്ററിന് 74 രൂപയും ഹൈ-സ്പീഡ് ഡീസലിന് ലിറ്ററിന് 67 രൂപയുമാണ് കുറച്ചിരിക്കുന്നത്.
ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ പാകിസ്താനിലെ പുതിയ ഇന്ധന നിരക്കുകൾ നിലവിൽ വരും. പെട്രോൾ വില: ലിറ്ററിന് 373.78 രൂപയിൽ നിന്ന് 299.78 രൂപയായി കുറയും. ഡീസൽ വില: ലിറ്ററിന് 378.78 രൂപയിൽ നിന്ന് 311.78 രൂപയായി കുറയും. യുദ്ധസാഹചര്യത്തിൽ ഹൊർമൂസ് കടലിടുക്ക് അടഞ്ഞതിനെത്തുടർന്ന് ആഗോള വിപണി പ്രതിസന്ധിയിലായപ്പോൾ, ഓരോ വെള്ളിയാഴ്ച രാത്രിയും ഇന്ധനവില പരിഷ്കരിക്കാൻ പാകിസ്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഏപ്രിൽ 3-ന് പെട്രോൾ വില 458.4 രൂപയിലും ഡീസൽ വില 520.35 രൂപയിലുമെത്തി ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. കടുത്ത ജനരോഷത്തെ തുടർന്ന് പെട്രോളിയം ലെവി 80 രൂപ കുറച്ചാണ് പിന്നീട് വില നിലവിലെ നിരക്കിലേക്ക് എത്തിച്ചത്.
"ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ പാലിക്കുകയാണ്. പ്രയാസകരമായ സാഹചര്യങ്ങളിൽ അസാധാരണമായ ക്ഷമയും പ്രതിരോധശേഷിയും പ്രകടിപ്പിച്ച ജനങ്ങളോട് നന്ദി പറയുന്നു," പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. ആഗോള പണപ്പെരുപ്പത്തിന്റെ ആഘാതത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും രാജ്യാന്തര വിപണിയിൽ ഉണ്ടാകുന്ന വിലക്കുറവ് പൂർണ്ണമായും ജനങ്ങൾക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമാക്കിയ പാകിസ്താന്റെ മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പ്രസ്താവനയിൽ പരാമർശിച്ചു. 'ഇസ്ലാമാബാദ് ധാരണാപത്രം'യാഥാർത്ഥ്യമാക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ്, ചീഫ് ഓഫ് ദി ആർമി സ്റ്റാഫ് ഫീൽഡ് മാർഷൽ ആസിം മുനീറിന് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു. ഒപ്പം നയതന്ത്ര, സാമ്പത്തിക ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, പ്ലാനിംഗ് മന്ത്രി അഹ്സൻ ഇഖ്ബാൽ, പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് എന്നിവരടങ്ങുന്ന സർക്കാർ സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.


