വൈദ്യുതി വിതരണ കമ്പനികൾ അടിയന്തരമായി സ്വകാര്യവൽക്കരിക്കാനുള്ള ഐഎംഎഫ് നിർദേശവും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കപ്പെടുമെന്ന് പാക് ധനകാര്യമന്ത്രി മിഫ്താ ഇസ്മായിൽ അറിയിച്ചു

ഇസ്ലാമാബാദ്: കടക്കെണിയിൽ നിന്ന് കരകയറാൻ ഐഎംഎഫിൻ്റെ (IMF) നിബന്ധനകൾക്ക് വഴങ്ങി രാജ്യത്തെ ഇന്ധന, വൈദ്യുതി നിരക്കുകൾ കുത്തനെ കൂട്ടി പാകിസ്ഥാൻ (Pakistan). നിലവിൽ വന്നത് ലിറ്റർ ഒന്നിന് മുപ്പതു രൂപയുടെ വർധന. ഇതോടെ പെട്രോളിന്റെ ചില്ലറ വില്പന വില ലിറ്ററിന് 180 പാകിസ്താനി രൂപയാകും. ഡീസലിന്റെ വിലയിലും 25 ശതമാനത്തിന്റെ കുതിപ്പുണ്ടായി. ഇന്ധന വിലക്ക് പുറമെ വൈദ്യുതി നിരക്കും യൂണിറ്റ് ഒന്നിന് ഏഴു രൂപ കൂട്ടാൻ തീരുമാനമുണ്ടായി. 

വൈദ്യുതി വിതരണ കമ്പനികൾ അടിയന്തരമായി സ്വകാര്യവൽക്കരിക്കാനുള്ള ഐഎംഎഫ് നിർദേശവും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കപ്പെടുമെന്ന് പാക് ധനകാര്യമന്ത്രി മിഫ്താ ഇസ്മായിൽ അറിയിച്ചു.. നിബന്ധനകൾ എല്ലാം പാലിച്ചാൽ ചുരുങ്ങിയത് ആറു ബില്യൺ ഡോളർ എങ്കിലും ഐഎംഎഫ് വായ്പയായി അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ. 

എന്നാൽ, അതേ സമയം ഇന്ധന വൈദുതി നിരക്കുകൾ കുത്തനെ ഉയർന്നത് പാകിസ്താനിലെ വിവിധ ഫാക്ടറികളുടെ ഉത്പാദന ചെലവും കാര്യമായി വർധിപ്പിക്കാനിടയുണ്ട്. അതിനിടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ മടിക്കുന്ന പാകിസ്താന്റെ വിദേശനയത്തെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിശിതമായി വിമർശിച്ചു. അമേരിക്കയുടെ വ്യാപാര പങ്കാളി ആയിരുന്നിട്ടും, റഷ്യയിൽ നിന്ന് വിലകുറച്ചു വാങ്ങിയ എണ്ണയുടെ ബലത്തിൽ ഇന്ധനത്തിന്റെ എക്സൈസ് ഡ്യൂട്ടിയിൽ കുറവ് വരുത്തിയ ഇന്ത്യയുടെ നയത്തെ അദ്ദേഹം പരസ്യമായി തന്നെ പ്രശംസിക്കുകയും ചെയ്തു.