ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ ദേശീയ അസംബ്ലി ഫ്രാന്‍സിന്‍റെ ഇസ്ലാമോഫോബിക്ക് നടപടികള്‍ക്കെതിരെ പ്രമേയം പാസാക്കിയത്. പാകിസ്ഥാനിലെ ദേശീയ അസംബ്ലി  ആധോ-ഉപരി സഭകള്‍ പാസാക്കിയ പ്രമേയം പ്രകാരം ഫ്രാന്‍സിലെ പാക് അംബാസിഡറെ തിരിച്ചുവിളിക്കാനും തീരുമാനമായിരുന്നു. 

എന്നാല്‍ പിന്നീടാണ് പാക് പത്രം ദ ന്യൂസ് ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാന് നിലവില്‍ ഫ്രാന്‍സില്‍ അംബാസിഡര്‍ ഇല്ല. മൂന്ന് മാസമായി ആ സ്ഥാനത്ത് ആരും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് ഫ്രഞ്ച് അംബാസിഡര്‍ ആയിരുന്ന മോയിന്‍ ഉള്‍ ഹഖിനെ പാകിസ്ഥാന്‍ ചൈനീസ് അംബാസിഡറായി നിയമിച്ചിരുന്നു.

പിന്നീട് ഒഴിവുവന്ന പാക് അംബാസിഡര്‍ പദവി ഇതുവരെ നികത്തിയിട്ടില്ല. അതിനിടെയാണ് നിലവില്‍ ഇല്ലാത്തയാളെ തിരിച്ചുവിളിക്കാന്‍ ദേശീയ അസംബ്ലി പ്രമേയം പാസാക്കിയത്. ഈ കാര്യം വ്യക്തമായി അറിയാവുന്ന പാക് വിദേശകാര്യ മന്ത്രി ഖുറേഷി തന്നെയാണ് ദേശീയ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.

ദ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം, പാരീസ് എംബസിയിലെ ഡെപ്യൂട്ടി അംബാസിഡറായ മുഹമ്മദ് അജ്മല്‍ അസീസ് ക്വാസിയാണ് ഇപ്പോള്‍ ഫ്രാന്‍സിലുള്ള ഏറ്റവും മുതിര്‍ന്ന പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍. പുതിയ പ്രമേയം പാസാക്കിയ സ്ഥിതിയില്‍ ഇദ്ദേഹത്തെ തിരിച്ചുവിളിക്കുമോ എന്നതാണ് ഇപ്പോള്‍ പാക് മാധ്യമങ്ങള്‍ക്കിടയിലെ ചര്‍ച്ച.

ആധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫ്രാന്‍സ് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആഗോള മുസ്ലീം സമൂഹത്തിനെതിരെയാണ് എന്ന് ആരോപിച്ചാണ് പാകിസ്ഥാന്‍ ദേശീയ അസംബ്ലി പ്രമേയം പാസാക്കിയത്. ദേശീയ അസംബ്ലിയുടെ ഇരുസഭകളും ഏകകണ്ഠമായാണ് തിങ്കളാഴ്ച പ്രമേയം പാസാക്കിയത്.