ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൽ 90 പേർ കൊല്ലപ്പെട്ടെന്നും പലരും കൊടും ഭീകരർ ആയതിനാൽ വിവരം പാക്കിസ്ഥാൻ മറച്ചുവയ്ക്കുകയാണെന്നും റിപോർട്ട്

ദില്ലി: ഭീകരവാദത്തെ പാലൂട്ടി വളർത്തുന്ന പാകിസ്ഥാന് സമീപകാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ഒൻപത് തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലേക്ക് ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന മിന്നൽ ആക്രമണം. കഷ്ടിച്ച് അര മണിക്കൂർ നീണ്ടുനിന്ന ആക്രമണത്തിൽ 26 പേർ മരിച്ചെന്നും 46 പേർക്ക് പരുക്കേറ്റുവെന്നും പാക്കിസ്ഥാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ 90 പേരെങ്കിലും മരിച്ചെന്നും അതിൽ പലരും കൊടും ഭീകരർ ആയതിനാൽ വിവരം പാക്കിസ്ഥാൻ മറച്ചുവയ്ക്കുകയാണെന്നും റിപോർട്ടുകൾ ഉണ്ട്.

വിശദവിവരങ്ങൾ

'ഞങ്ങൾക്ക് ഈ രക്തത്തിൽ പങ്കില്ല' ഇന്ത്യയിൽ എപ്പോൾ തീവ്രവാദ ആക്രമണം ഉണ്ടായാലും പാക്കിസ്ഥാൻ ആവർത്തിക്കുന്ന പല്ലവി ഇതാണ്. പാർലമെന്റ് ആക്രമണത്തിലും ഉറിയിലും പുൽവാമയിലും രണ്ടാഴ്ച്ച മുൻപ് പഹൽഗാമിലും ഒക്കെ പാക്കിസ്ഥാൻ ആദ്യം കൈക്കൊണ്ട നിലപാട് ഇത് തന്നെയായിരുന്നു. എന്നാൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും സായുധ സേനയിലെ മുതിർന്ന വനിതാ ഓഫീസിസർമാരും ഇന്ന് നടത്തിയ വാർത്താ സമ്മേളനം ഈ നുണയെ അടപടലം പൊളിച്ചുകളയുന്ന ഒന്നായിരുന്നു. ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ ഇ തോയിബ, ഹിസ്ബുൾ മുജാഹിദീൻ സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും കൃത്യവും സൂക്ഷ്മവുമായ ആയുധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സേന അവ തകർത്ത ശേഷമുള്ള ദൃശ്യങ്ങളും വാർത്താ സമ്മേളനത്തിലൂടെ അവർ ലോകത്തിനു മുന്നിൽ തെളിവായി സമർപ്പിച്ചു. ഒരു സൈനിക കേന്ദ്രത്തെ പോലും തകര്‍ത്തിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകരാക്രമണ കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂർ ഇങ്ങനെ

പുലര്‍ച്ചെ 1.05 മുതല്‍ ഒന്നര വരെ നീണ്ടു നിന്ന ശക്തമായ ആക്രമണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂർ. പഹല്‍ഗാമില്‍ സിന്ദൂരം മായ്ക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരിന്, തീമഴയായി പാകിസ്ഥാനോട് പകരം വീട്ടല്‍ നടത്തി. പ്രധാനമന്തി നരേന്ദ്രമോദി തന്നെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടത്. ഭവല്‍ പൂര്‍, മുറിട്കേ, സിലാല്‍ കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലായി ഒന്‍പത് ഭീകര കേന്ദ്രങ്ങളുടെ മേല്‍ റഫാല്‍ വിമനത്തില്‍ നിന്ന് മിസൈലുകള്‍ വര്‍ഷിച്ചു. ഒന്ന് നാല്‍പത്തി നാലിന് ആദ്യ വാര്‍ത്താ കുറിപ്പിറക്കി പ്രതിരോധ മന്ത്രാലയം രാജ്യം കാത്തിരുന്ന ആക്രമണത്തിന്‍റെ വിവരങ്ങള്‍ ലോകത്തോട് പറഞ്ഞു. പിന്നാലെ ആക്രമണ സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്ത് വന്നു. പാകിസ്ഥാനില്‍ പരിഭ്രാന്തരായി ജനം നാലുപാടും ചിതറയോടുന്നതിന്‍റെയും ആശുപത്രികളിലേക്ക് ആംബുലന്‍സുകളടക്കം ചീറിപ്പായുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേരെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം നിരീക്ഷിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ ഒപ്പമിരുന്ന് പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. സംയുക്ത സൈനിക മേധാവിയോടും, സൈനിക മേധാവിമാരോടും പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചു. പാകിസ്ഥാനോട് തൊട്ടടുത്തുള്ളതും, വ്യോമാക്രണത്തിന് സാധ്യതയുള്ളതുമായ രാജ്യത്തെ 10 വിമാനത്താവങ്ങള്‍ അടച്ച് ഇന്ത്യ ആദ്യ പ്രതിരോധവും തീർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം