മുഫ്തി ഷാ മിർ ജാമിയത്ത് ഉലമ-ഇ-ഇസ്ലാമുമായി (ജെയുഐ) അടുത്ത ബന്ധം പുലർത്തിയിരുന്നു. ആയുധ-മനുഷ്യക്കടത്ത് സംഘമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നു.
ദില്ലി: മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടുപോകാൻ പാക് ചാരസംഘടനയായ ഐഎസ്ഐയെ സഹായിച്ച ഇറാനിയൻ പൗരൻ പണ്ഡിതൻ എന്നറിയപ്പെടുന്നയാളെ ബലൂചിസ്ഥാനിൽ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. മതപണ്ഡിതനായ മുഫ്തി ഷാ മിറിനെയാണ് കൊലപ്പെടുത്തിയത്. പള്ളിയിൽ നിന്ന് പ്രാർഥന കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് മോട്ടോർ സൈക്കിളുകളിൽ എത്തിയ തോക്കുധാരികൾ അദ്ദേഹത്തെ വെടിവെച്ചത്. പോയിന്റ്-ബ്ലാങ്ക് റേഞ്ചിൽ നിന്ന് നിരവധി തവണ വെടിയേറ്റ ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ ടർബത്ത് ആശുപത്രിയിലേക്ക് എത്തിച്ചു.
മുഫ്തി ഷാ മിർ ജാമിയത്ത് ഉലമ-ഇ-ഇസ്ലാമുമായി (ജെയുഐ) അടുത്ത ബന്ധം പുലർത്തിയിരുന്നു. ആയുധ-മനുഷ്യക്കടത്ത് സംഘമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നു. പാകിസ്ഥാന്റെ ഐഎസ്‌ഐയുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. മുമ്പ് രണ്ട് തവണ വധശ്രമങ്ങളിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു. ഇന്ത്യൻ പൗരനായ കുൽഭൂഷൺ ജാദവ് പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യൻ നാവികസേനയിൽ നിന്ന് വിരമിച്ച ശേഷം ജാദവ് ഇറാനിലെ ചബഹാറിൽ ഒരു ബിസിനസ് നടത്തിയിരുന്നു. മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ ഇറാനിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്‌ഐയെ മിർ സഹായിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ചാരവൃത്തി ആരോപിച്ച് 2017 ഏപ്രിലിൽ പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷ വിധിച്ചു. 2017 ൽ, ജാദവിന് കോൺസുലാർ പ്രവേശനം നിഷേധിച്ചതിനും സൈനിക കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്ത് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐസിജെ) ഇന്ത്യ സമീപിച്ചു.
