പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി സൊഹൈല്‍ മെഹ്മൂദ് വിളിച്ചുവരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ മൊയിന്‍ ഉള്‍ ഹഖിനെ പാകിസ്ഥാന്‍ തിരിച്ചുവിളിച്ചേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ദില്ലി: ഇന്ത്യയിലെ ഹൈക്കമ്മീഷണറെ തിരിച്ചുവിളിക്കാൻ പാകിസ്ഥാൻ ഒരുങ്ങുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍റെ നീക്കം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാന്‍ തീരുമാനിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പാകിസ്ഥാന്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. തര്‍ക്കബാധിതമെന്ന നിലയില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ പ്രദേശത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാവുന്നതല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചിരുന്നു. കശ്മീരിലെ ജനങ്ങള്‍ക്ക് പാകിസ്ഥാന്‍ എല്ലാവിധ നയതന്ത്രസഹായങ്ങളും ഉറപ്പുനല്‍കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി സൊഹൈല്‍ മെഹ്മൂദ് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ മൊയിന്‍ ഉള്‍ ഹഖിനെ പാകിസ്ഥാന്‍ തിരിച്ചുവിളിച്ചേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അതേസമയം, ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷന്‍റെ സുരക്ഷ കൂട്ടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്ത്യൻ ഹൈക്കമ്മീഷണർ ഇക്കാര്യം പാക് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടതായാണ് വിവരം.