ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയെ പാകിസ്ഥാന്‍ വിളിച്ചുവരുത്തിയത്. 

ഇസ്ലാമാബാദ്: ചാരപ്രവൃത്തിയുടെ പേരില്‍ രണ്ട് പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവളരുത്തി പാകിസ്ഥാന്‍. ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയെ പാകിസ്ഥാന്‍ വിളിച്ചുവരുത്തിയത്. 

ചാരപ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ വീസ വിഭാഗത്തിലെ ഉദ്യോഗസ്ഥരായ അബീദ് ഹുസൈന്‍, താഹിര്‍ഖാന്‍ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ നടപടിയെടുത്തത്. 24 മണിക്കൂറിനുള്ളില്‍ ഇവരോട് രാജ്യം വിടാനും നിര്‍ദ്ദേശിച്ചിരുന്നു. പദവിക്ക് അനുയോജ്യമല്ലാത്ത രീതിയില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചെന്നും അതിനാല്‍ പുറത്താക്കുന്നുവെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കിയത്.

വ്യാജ പേരില്‍ പുറത്തിറങ്ങി പ്രതിരോധമേഖലയിലെ വ്യക്തിയില്‍ നിന്ന് സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ആബിദ് ഹുസൈനും താഹിര്‍ ഖാനും ശ്രമിച്ചെന്നാണ് ഇന്ത്യയുടെ ആരോപണം. ഇവരില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കണ്ടെടുത്തിരുന്നു. വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് ആബിദും താഹിറും നരം മുഴുവന്‍ കറങ്ങിയതായും കണ്ടെത്തിയിരുന്നു. 

എന്നാല്‍ ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ഇന്ത്യയുടെ നടപടി തെറ്റിദ്ധാരണ മൂലമാണെന്നുമായിരുന്നു പാകിസ്ഥാന്‍റെ പ്രതികരണം. നയതന്ത്ര ബന്ധത്തിലെ വിയന്ന കണ്‍വെന്‍ഷന്‍ ധാരണ ഇന്ത്യ ലംഘിച്ചെന്നും പാകിസ്ഥാന്‍ കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ അനാവശ്യമായി ഇടപെടുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.