ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തിട്ടുണ്ട്. 23 വയസ് പ്രായമുള്ള യുവാവാണ് വെടിയുതിര്‍ത്തത്. ഇയാള്‍ വെസ്റ്റ് ബാങ്ക് സ്വദേശിയാണെന്ന് ഹമാസ് 

ടെല്‍ അവീവ്: ടെല്‍ അവീവില്‍ വ്യാഴാഴ്ച രാത്രി നടന്ന വെടിവയ്പില്‍ മൂന്ന് പേര്‍ക്ക് വെടിയേറ്റു. വെസ്റ്റ് ബാങ്കിലെ സംഘര്‍ഷാവസ്ഥ വര്‍ധിക്കുന്നതിനിടെയുണ്ടായ വെടിവയ്പിനെ ഭീകരാക്രമണം എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. പാലസ്തീനിയന്‍ സ്വദേശിയാണ് വെടിയുതര്‍ത്തതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തിട്ടുണ്ട്. 23 വയസ് പ്രായമുള്ള യുവാവാണ് വെടിയുതിര്‍ത്തത്. ഇയാളെ വെസ്റ്റ് ബാങ്കില്‍ നിന്നാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് ഹമാസ് വ്യക്തമാക്കിയതെന്നാണ് അന്തര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇയാളെ ഇസ്രയേല്‍ പൊലീസ് വെടിവച്ചുവീഴ്ത്തിയതിനാല്‍ വലിയ രീതിയിലുള്ള ആളപായം ഉണ്ടായില്ല. ടെല്‍ അവീവിലെ ഡിസെന്‍ഗോഫ് തെരുവിലെ ഭക്ഷണശാലയിലാണ് വെടിവയ്പ് നടന്നത്. അധികം തിരക്കുണ്ടായിരുന്ന സമയത്തല്ല ആക്രമണമുണ്ടായത്. വെസ്റ്റ് ബാങ്കിലും ജെറുസലേമിലും പരിസരത്തുമായി പാലസ്തീന്‍ സ്വദേശികള്‍ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് വ്യാഴാഴ്ചയുണ്ടായ വെടിവയ്പുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇസ്രയേലി സേന ആയിരത്തിലധികം പേരെയാണ് വെസ്റ്റ് ബാങ്കില്‍ അറസ്റ്റ് ചെയ്തത്. 200 ല്‍ അധികം പാലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. പാലസ്തീന്‍ സ്വദേശികള്‍ നടത്തിയ ആക്രമണങ്ങളില്‍ 40 ല്‍ അധികം ഇസ്രയേല്‍ സ്വദേശികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

ടെല്‍ അവീവിലെ ഹൃദയ ഭാഗത്ത് മറ്റൊരു ഭീകരാക്രമണം നടന്നുവെന്നാണ് സംഭവത്തേക്കുറിച്ച് നെതന്യാഹു പ്രതികരിച്ചത്. ഈ രാത്രിയും എല്ലാ രാത്രിയിലും ഭീകരരോട് പോരാടുന്ന സേനയുടെ ശക്തി തങ്ങള്‍‌ കൂട്ടുകയാണെന്നും നെതന്യാഹു പറഞ്ഞു. വ്യാഴാഴ്ച രാവിലെ വെസ്റ്റ് ബാങ്കില്‍ ഇസ്ലാമിക് ജിഹാദ് വിഭാഗത്തില്‍പ്പെട്ട മൂന്ന് തോക്ക് ധാരികളെ ഇസ്രയേല്‍ സേന വെടിവച്ച് കൊന്നിരുന്നു. ഇതിന് പ്രതികാരമായാണ് രാത്രി നടന്ന ആക്രമണമെന്നാണ് വിലയിരുത്തല്‍. വെടിയേറ്റവര്‍ക്ക ഉടന്‍ തന്നെ ചികിത്സ നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് വിശദമാക്കുന്നു.